ഹരിപ്പാട്: അഞ്ചുവർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. തൃക്കുന്നപ്പുഴ പാനൂർ പൂത്തുറയിൽ മുഹമ്മദ് മുസ്തഫയുടെ മൃതദേഹം പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽനിന്ന് പുറത്തെടുത്താണ് പോസ്റ്റ്മോർട്ടം നടത്തിയത്.

ചെങ്ങന്നൂർ ആർ.ഡി.ഒ. മേൽനോട്ടം വഹിച്ചു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ തുടങ്ങിയ നടപടികൾ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൂർത്തിയായത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ ഡി.എൻ.എ.പരിശോധനയ്ക്കും രാസപരിശോധനയ്ക്കുമായി ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം ഈ പരിശോധനകളുടെ ഫലവും പോലീസിനു കൈമാറും.

വണ്ടാനം മെഡിക്കൽ കോളേജിലെ ഫൊറൻസിക് മെഡിസിൻവിഭാഗം അസി. പ്രൊഫസർ ഡോ. ബി. കൃഷ്ണൻ, ഡോ. നിഥിൻ മാത്യു, ഡോ. ദീപ്തി എന്നിവർ ചേർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോലീസിന്റെ സയന്റിഫിക് ഓഫീസർ ചിത്ര, വിരലടയാള വിദഗ്ധൻ ജി. അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

2015 നവംബർ 15-ന് പുലർച്ചേയാണ് മുഹമ്മദ് മുസ്തഫയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പോലീസിൽ അറിയിക്കുകയോ പോസ്റ്റ്മോർട്ടം നടത്തുകയോ ചെയ്യാതെ ഖബറടക്കം നടത്തുകയായിരുന്നെന്നുകാണിച്ച് മുഹമ്മദ് മുസ്തഫയുടെ ഭാര്യയുടെ ബന്ധുവായ ഇർഷാദ് പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനാൽ ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഇർഷാദ് ഹൈക്കോടതിയെ സമീപിച്ചത്.

രണ്ടാഴ്ചയ്ക്കം പോസ്റ്റ്മോർട്ടം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കഴിഞ്ഞമാസം 22-ന് ഹൈക്കോടതി പോലീസിനു നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടർ ടി. ദിലീഷ് പറഞ്ഞു.

Content Highlights:alappuzha youth body postmortem