പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരിയില്‍ അര്‍ധരാത്രിയില്‍ യുവാവിനെ കൊലപ്പെടുത്തിയകേസില്‍ നാലു പ്രതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒന്‍പതാംവാര്‍ഡ് ശ്രീശൈലത്തില്‍ അഭിജിത്ത് (ജിത്തു-27 ), പത്താംവാര്‍ഡ് സുഭാഷ് ഭവനത്തില്‍ സുധീഷ് (23), പത്താംവാര്‍ഡ് പണിക്കംവേലി ജിബിന്‍ (28), പത്താംവാര്‍ഡ് ചീരാത്തുകാട് അനന്തകൃഷ്ണന്‍ (അനന്തു-25) എന്നിവരാണ് അറസ്റ്റിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം കണിയാന്‍ചിറ സജിത്തിനെ (27) നേരത്തേ അറസ്റ്റുചെയ്തിരുന്നു.

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രോഹിണിയില്‍ വിപിന്‍ ലാലാണ് (37)കൊല്ലപ്പെട്ടത്. അഞ്ചു പ്രതികളാണ് കേസിലുള്ളത്. ഇടുക്കി മുരിക്കാശ്ശേരിയിലെ ഒരുവീട്ടില്‍ ഒളിച്ചുതാമസിച്ചിരുന്ന പ്രതികളെ പോലീസ് അവിടെയെത്തിയാണ് അറസ്റ്റുചെയ്തത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

അറസ്റ്റിലായ സുധീഷിന്റെ സഹോദരന്‍ സുഭാഷിന്റെ ഫോണില്‍നിന്ന് വിപിന്‍ലാലിന്റെ കൂട്ടുകാരന്റെ സഹോദരിയുടെ ഫോണിലേക്കുവന്ന ശബ്ദരേഖയെസംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിനു കാരണമായതെന്നു പ്രതികള്‍ പോലീസിനോടു സമ്മതിച്ചു.

പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്നതരത്തിലുള്ള ശബ്ദസന്ദേശം അയച്ചതിനെ വിപിന്‍ലാല്‍ ചോദ്യംചെയ്തിരുന്നു. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ സഹോദരനും വിപിന്‍ലാലും ചേര്‍ന്ന് സുഭാഷിന്റ വീട്ടിലെത്തി വിഷയം സംസാരിച്ചു തീര്‍ത്തിരുന്നതാണ്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയില്‍ തൈക്കാട്ടുശ്ശേരി പനിയാത്ത് കോളനിയില്‍ വിപിന്‍ ലാലിന്റെ വീടിനു സമീപം വീണ്ടും ഇതുസംബന്ധിച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.

സുധീഷിന്റെയും സുഭാഷിന്റെയും കൂട്ടുകാരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. കുറ്റകൃത്യത്തിനും പിന്നീടും പ്രതികളെ സഹായിച്ച ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല ഡിവൈ.എസ്.പി. ടി.ബി. വിജയന്‍, പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടര്‍ അജയ് മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ഗോപാലകൃഷ്ണന്‍, എ.എസ്.ഐ. സുനില്‍ രാജ്, സീനിയര്‍ സി.പി.ഒ.മാരായ നിസാര്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.