പൂച്ചാക്കല്‍: കാര്‍ പാഞ്ഞുകയറി നാല് സ്‌കൂള്‍വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചുതെറിപ്പിച്ച കേസില്‍ പാണാവള്ളി ഇടവഴിക്ക് മനോജിനെ (48) പൂച്ചാക്കല്‍ പോലീസ് അറസ്റ്റുചെയ്തു. കാറില്‍ ഉണ്ടായിരുന്ന മനോജ് രണ്ടാംപ്രതിയാണ്. ഒന്നാംപ്രതി കാര്‍ഡ്രൈവര്‍ അസം ഡിമോര്‍ഗായ് ജില്ലയില്‍ മുഠുഗാവൂണ്‍ വില്ലേജില്‍ അനന്ദ് മുഠായിയെ (29) പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ഐ.പി.സി.308, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185, 188 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് രണ്ട് പ്രതികള്‍ക്കെതിരെയും പോലീസ് ചുമത്തിയിരിക്കുന്നത്. വധശ്രമം, അലക്ഷ്യമായി വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയവയാണ് ഈ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍.

വാഹനം ഓടിച്ചിരുന്ന അസം സ്വദേശി അനന്ദ് മുഠായിക്ക് ഡ്രൈവിങ് ലൈസന്‍സില്ല. മനോജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മനോജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നാണ് അറസ്റ്റുചെയ്തത്.

ചേര്‍ത്തല താലൂക്കിലെ പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷന്‍-പള്ളിവെളി റോഡില്‍ കഴിഞ്ഞ 10ന് ഉച്ചയ്ക്ക് ഒന്നരയോടയാണ് കേസിനാസ്പദമായ അപകടം. പാണാവള്ളി ഉരുവങ്കുളത്ത് ചന്ദ്രന്റെ മകള്‍ അനഘ, കോണത്തേഴത്തേ് ചന്ദ്രബാബുവിന്റെ മകള്‍ ചന്ദന, അയ്യങ്കേരില്‍ സാബുവിന്റെ മകള്‍ സാഗി, ഉളവെയ്പ് മുരുക്കുതറയില്‍ അനിരുദ്ധന്റെ മകള്‍ അര്‍ച്ചന എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്.

പാണാവള്ളി മാനാശ്ശേരി അനീഷ്, മകന്‍ വേദവ് (4) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. വിദ്യാര്‍ഥിനികളില്‍ അനഘ, ചന്ദന, സാഗി എന്നിവര്‍ ഇപ്പോഴും എറണാകുളത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. അര്‍ച്ചന ആശുപത്രി ചികിത്സയ്ക്കുശേഷം വീട്ടിലെത്തി തുടര്‍ ചികിത്സയിലാണ്.

Content Highlights: alappuzha poochakkal car accident, second accused arrested