ആലപ്പുഴ: മാന്നാറില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പാലക്കാട്ട് ഉപേക്ഷിച്ച സംഭവത്തില്‍ കസ്റ്റംസിന്റെ അന്വേഷണവും. യുവതിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് കസ്റ്റംസ് സംഘവും അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെത്തി. വൈകാതെ ഇവര്‍ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുക്കും. 

മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനിയായ ബിന്ദുവിനെയാണ് കഴിഞ്ഞദിവസം അജ്ഞാതസംഘം മാന്നാറിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ ഇവര്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് യുവതി പോലീസ് സ്‌റ്റേഷനിലെത്തി അഭയം തേടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍നിന്നെത്തിയ യുവതിയെ സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

അതിനിടെ, യുവതിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദുബായില്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നതായും പിടിക്കപ്പെടുമെന്ന് ഭയന്നപ്പോള്‍ ഇത് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായി ബിന്ദുവും പോലീസിന് മൊഴി നല്‍കി. എന്നാല്‍ യുവതിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 

ദുബായില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. ഹനീഫ എന്നയാളാണ് ദുബായില്‍വെച്ച് ബിന്ദുവിന് സ്വര്‍ണം നല്‍കിയതെന്നും ഇയാളാണ് രണ്ടുതവണ യുവതിക്ക് വിസിറ്റിങ് വിസ സംഘടിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്. 

Content Highlights: alappuzha kidnap case customs arrived at mannar to investigate about gold smuggling