ആലപ്പുഴ: ചാത്തനാട് ഗുണ്ടാത്തലവന്‍ അരുണ്‍കുമാര്‍ എന്ന ലേ കണ്ണന്‍ മരിച്ച സംഭവത്തില്‍ വ്യക്തതകിട്ടാതെ പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലും കൂടുതല്‍ അന്വേഷണം നടത്താതെ മരണത്തില്‍ വ്യക്തത വരുത്താനാകില്ലെന്നാണു നോര്‍ത്ത് സി.ഐ. പറയുന്നത്.

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണു മരണമെന്നു സംശയിക്കുന്നു. എന്നാല്‍, ശരീരത്തില്‍ ഒട്ടേറെ പാടുകളുണ്ടായിരുന്നു. സ്‌ഫോടകവസ്തു പിറകില്‍നിന്ന് എറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചതാണോ, കണ്ണന്റെ ബാഗിലിരുന്നു പൊട്ടിയതാണോ എന്നിങ്ങനെ സംശയം നീളുകയാണ്.

പുറംഭാഗത്താണു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സ്‌ഫോടകവസ്തുവുമായി ബൈക്കില്‍ പോകുമ്പോള്‍ പൊട്ടിത്തെറിച്ചെന്നാണു പോലീസ് കരുതുന്നത്. എന്നാല്‍, ബൈക്കില്‍നിന്നുവീഴുമ്പോള്‍ കമഴ്ന്നുവീഴാനാണു സാധ്യത കൂടുതല്‍. ഇതെല്ലാം അന്വേഷണസംഘത്തിന്റെ വിശകലനത്തിലുണ്ട്.

കണ്ണന്റെ സംഘത്തില്‍നിന്നു തെറ്റിപ്പിരിഞ്ഞ രാഹുല്‍ രാധാകൃഷ്ണന്റെ വീട്ടിലെത്തി ആക്രമണം നടത്തിയതിന്റെ പ്രതികാരമാണോയെന്നുള്ള സംശയം ശക്തമാണ്. അതിനു തക്കതായ മുന്നൊരുക്കങ്ങള്‍ ചാത്തനാട്ടും പരിസരത്തും നടന്നതായുള്ള തെളിവുകള്‍ പോലീസിനു കിട്ടിയിട്ടുണ്ട്. സംഭവം നടക്കുന്ന സ്ഥലത്തുനിന്ന് അധികം ദൂരത്തിലല്ലാതെ പോലീസ് സംഘം ഉണ്ടായിരുന്നു. ചാത്തനാട് കൊച്ചുപുരയ്ക്കല്‍ ക്ഷേത്രത്തിനുസമീപമുള്ള വെച്ചുശ്ശേരിയില്‍ വി.എസ്. കണ്ണന്‍(51) എന്ന വ്യവസായിയെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. പോലീസ് സംഘം പരിശോധന നടത്തി പോകുന്നതിനിടയില്‍ത്തന്നെയാണു സ്‌ഫോടനം ഉണ്ടായത്.

ഗുണ്ടാസംഘത്തില്‍നിന്നു വ്യവസായി രക്ഷപ്പെട്ടത് വെടിയുതിര്‍ത്ത്

ചാത്തനാട് ഗുണ്ടാനേതാവ് കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ് ഗുണ്ടകളുടെ വിളയാട്ടം നടന്നു. കൊച്ചുപുരയ്ക്കല്‍ ക്ഷേത്രത്തിനുസമീപം വെച്ചുശ്ശേരില്‍ കണ്ണന്‍ എന്ന വ്യവസായിയുടെ പുരയിടത്തില്‍ ആയുധമൊളിപ്പിക്കാന്‍ ഒരുസംഘം എത്തി. കണ്ണന്‍ അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ഒരാള്‍ പുരയിടത്തിന്റെ പിന്നിലെ മതില്‍ ചാടിക്കടന്നുവന്ന് ഒരുചാക്കിലിരുന്ന സാധനങ്ങള്‍ പരിശോധിക്കുന്നതുകണ്ടു. അതില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണെന്നു മനസ്സിലായി. തൊട്ടടുത്തുതാമസിക്കുന്ന യുവാവായിരുന്നു അത്. ഉടന്‍തന്നെ ജില്ലാ പോലീസ് മോധാവിയെ ബന്ധപ്പെട്ടെങ്കിലും മീറ്റിങ്ങിലായതിനാല്‍ കിട്ടിയില്ല. മുക്കാല്‍മണിക്കൂറിനുശേഷമാണ് നേരിട്ടു വിവരം പറയാനായത്. ഇതിനിടയില്‍ മൂന്നുപേര്‍ മതില്‍ച്ചാടി കാര്‍ പോര്‍ച്ചിനടുത്തേക്കു വന്നു. വീട്ടില്‍ ഭാര്യയും പ്രായംചെന്ന അമ്മയുമാണുണ്ടായിരുന്നത്. വാതില്‍ക്കലേക്കുചെന്ന് ഇവരോടു കാര്യം തിരക്കി. ഇവര്‍ പരുങ്ങുന്നതുകണ്ടു സംശയം തോന്നി കൈയില്‍ക്കരുതിയിരുന്ന തോക്കെടുത്തു മുകളിലേക്കു വെടിയുതിര്‍ത്തു. ഈ സമയം കൂടെ നിന്നിരുന്നയാള്‍ പടക്കം പൊട്ടിയതാണെന്നും കളിത്തോക്കാണെന്നും പറഞ്ഞു. ഇതുകേട്ട് കറുത്തു തടിച്ചൊരു യുവാവ് അടുത്തേക്കുവന്നപ്പോള്‍ രണ്ടുറൗണ്ട് കൂടി വെടിയുതിര്‍ത്തു. നേരെ വെടിയുതിര്‍ക്കാന്‍ ഉന്നമിടുമ്പോഴേക്കും എല്ലാവരും ഓടിപ്പോയി. 14 വര്‍ഷമായി ലൈസന്‍സുള്ള തോക്കുകൊണ്ട് അക്രമികളെ തുരത്താനായത് ഭാഗ്യമായി.

അല്പസമയത്തിനുള്ളില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഇതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ശ്മശാനത്തിനടുത്തു സ്‌ഫോടനശബ്ദം കേട്ടത്' - കണ്ണന്‍ പറഞ്ഞു.

യുവാവിനെ വെട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഗുണ്ടാസംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി 7.30-ന് സ്‌ഫോടകവസ്തു പൊട്ടി മരിച്ച ആലപ്പുഴ തോണ്ടന്‍കുളങ്ങര കിളിയംപറമ്പ് അരുണ്‍കുമാറിന്റെ (ലേ കണ്ണന്‍-26) മരണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു കണ്ണന്റെ സംഘത്തില്‍പ്പെട്ട ഇവര്‍ കുടുങ്ങിയത്. നഗരത്തില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു കണ്ണന്‍ മരിക്കുന്നതിനു മുന്‍പായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ആലിശ്ശേരി വലിയമരം വാര്‍ഡ് തങ്ങള്‍വക പുരയിടം നഫ്‌സല്‍ (38), കാട്ടൂര്‍ ഓമനപ്പുഴ ചിറപ്പറമ്പില്‍ മിറാഷ് (ഉണ്ണി-28), ആലപ്പുഴ സനാതനപുരം ടോം റാഫേല്‍ (25) എന്നിവരുടെ അറസ്റ്റാണ് നോര്‍ത്ത് പോലീസ് രേഖപ്പെടുത്തിയത്. മനഃപൂര്‍വമുള്ള നരഹത്യാ ശ്രമത്തിനാണ് കേസ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു.

സംഭവത്തിനു മുന്‍പ് കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം, ചാത്തനാട് ശ്മശാനത്തിനു സമീപത്തെ കിളിയംപറമ്പില്‍ രാഹുലിന്റെ വീട് അന്വേഷിച്ചെത്തിയിരുന്നു. തുടര്‍ന്നു ചാത്തനാട് കോളനിയിലെ മനു അലക്‌സിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു. ഈകേസിലാണ് ഇവര്‍ പിടിയിലായതെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. കഴിഞ്ഞദിവസം ചാത്തനാട് മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകതീര്‍ക്കാനാണു നിരവധി കേസുകളില്‍ പ്രതികൂടിയായ കണ്ണനും സംഘവും എതിര്‍ചേരിയിലെ രാഹുലിനെ തേടി എത്തിയത്. സ്ഥലത്തെത്തി ഭീതിപരത്തിയശേഷം ബൈക്കില്‍ മടങ്ങിപ്പോകുേമ്പാഴാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ പൊട്ടിയതു നാടന്‍ ബോംബ് ആണോ തോട്ടയാണോയെന്നു തിരിച്ചറിയൂ.

സംഘര്‍ഷത്തില്‍ വെട്ടേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.