ആലപ്പുഴ: പരീക്ഷ പാസാവാതെ ആലപ്പുഴയിൽ വക്കീലായി പ്രവർത്തിച്ച യുവതി ഒളിവിൽ. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാമങ്കരി സ്വദേശിനി സെസി സേവ്യർ ഒളിവിൽപോയത്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവർത്തിച്ച സെസി സേവ്യറിനെതിരേ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബാർ അസോസിയേഷൻ നോർത്ത് പോലീസിൽ പരാതി നൽകിയത്. വിശ്വാസ വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.

കഴിഞ്ഞ രണ്ടരവർഷമായി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു സെസി സേവ്യർ. ഇതിനിടെയാണ് ഇവർക്ക് യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അജ്ഞാതന്റെ കത്ത് ബാർ അസോസിയേഷന് ലഭിച്ചത്. തുടർന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ സെസി സേവ്യർ ബാർ കൗൺസിൽ ഓഫ് കേരളയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇവർ നൽകിയ റോൾ നമ്പർ മറ്റൊരാളുടേതാണെന്നും കണ്ടെത്തി.

ഇതിനിടെ, ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവർ ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഇതിനാണ് മോഷണക്കുറ്റം ആരോപിച്ചും പരാതി നൽകിയിരിക്കുന്നത്.

യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സെസി സേവ്യറെ കഴിഞ്ഞദിവസം ബാർ അസോസിയേഷനിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം അസോസിയേഷൻ ഭാരവാഹികൾ ഇവരിൽനിന്ന് ഫോണിലൂടെ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ സെസി സേവ്യർ പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. പോലീസിൽ പരാതി നൽകരുതെന്നും അഭ്യർഥിച്ചു. ഇതിനുപിന്നാലെയാണ് ബാർ അസോസിയേഷൻ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്.

അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരിക്കുകയാണ്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫെയ്സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Content Highlights:alappuzha fake advocate sesysaviour went missing after police registered case against her