ആലപ്പുഴ: പൂച്ചാക്കലില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. കാര്‍ ഉടമ മനോജ്, കാര്‍ ഓടിച്ചിരുന്ന അസം സ്വദേശി ആനന്ദ് മുണ്ടെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഇരുവരും മദ്യപിച്ചിരുന്നതായി കഴിഞ്ഞദിവസം തന്നെ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. രണ്ടുപേരും പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ആശുപത്രി വിട്ടതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളുണ്ടാവുകയുള്ളൂ, 

അതേസമയം, അപകടത്തില്‍ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇവര്‍ക്ക് കൈകാലുകള്‍ക്ക് ഒടിവ് സംഭവിച്ചതിനാല്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കും. ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നാണ് സൂചന. 

Read Also: പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ തെറിച്ചുവീണ് കുട്ടികള്‍; നടുക്കുന്ന അപകടം; എല്ലാം മദ്യലഹരിയില്‍?...

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പൂച്ചാക്കലില്‍ അമിതവേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരെയും വിദ്യാര്‍ഥിനികളെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ നാല് വിദ്യാര്‍ഥിനികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ ജനരോഷമുയര്‍ന്നിരുന്നു. 

Content Highlights: alappuzha cherthala poochakkal car accident; police booked case against car driver and passenger