തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്തി പെട്രോളൊഴിച്ചു കത്തിച്ച കേസില്‍ രണ്ടു യുവതികള്‍ പിടിയില്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം ആളറിയാതിരിക്കാന്‍ ശുചീന്ദ്രത്തിനടുത്ത് അഞ്ചുഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ച കേസിലാണ് അഞ്ചുമാസത്തിനു ശേഷം തിരുവനന്തപുരം സ്വദേശികളായ രണ്ടു സ്ത്രീകളടക്കം നാലുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. തിരുവനന്തപുരം കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ടു വീട്ടില്‍ ആകാശിനെ (കൊച്ചുമോന്‍- 22) കൊലപ്പെടുത്തിയ കേസിലാണ് പോലീസ് നടപടി.

എന്‍ജിനീയറിങ് ബിരുദധാരിയായ മണക്കാട് സ്വാഗത് നഗറില്‍ രേഷ്മ (27), വലിയതുറ വാട്സ് റോഡ് ടി.സി. 71/641ല്‍ താമസിക്കുന്ന അല്‍ഫോണ്‍സ എന്നിവരാണു പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കാണ് രേഷ്മയെയും അല്‍ഫോണ്‍സയെയും പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതിയായ അല്‍ഫോണ്‍സയുടെ മകനും രേഷ്മയുടെ ഭര്‍ത്താവുമായ അനു അജു (27), കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടില്‍ ജിതിന്‍ (ജിത്തു-22) എന്നിവരെ ഈ കേസില്‍ പിടികൂടാനുണ്ട്. ഇവര്‍ വൈകാതെ പിടിയിലാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനു തമിഴ്നാട് ശുചീന്ദ്രം കൊറ്റയടി ഭാഗത്തുള്ള വിജനമായ പ്രദേശത്തെ കുളത്തിനു സമീപത്താണ് കത്തിക്കരിഞ്ഞ് മുഖം വികൃതമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ചുഗ്രാമം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരള പോലീസിനെയും വിവരമറിയിച്ചു. ബൈക്ക് മോഷ്ടിച്ചു വിറ്റ തുക പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മോഷണവിവരം പോലീസിനെ അറിയിക്കുമെന്ന ആകാശിന്റെ ഭീഷണിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കമ്മിഷണര്‍ അറിയിച്ചു. അനുവും ജിത്തുവും ചേര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 30-ന് ആകാശിനെ രേഷ്മയുടെ ഫോണില്‍ വിളിച്ചു. വലിയതുറയിലെ അനുവിന്റെ വര്‍ക്ക്ഷോപ്പില്‍ സൗഹൃദം നടിച്ച് വിളിച്ചുവരുത്തിയ ശേഷം മദ്യത്തില്‍ മയക്കുഗുളിക കലര്‍ത്തി കുടിപ്പിച്ച് അബോധാവസ്ഥയിലാക്കുകയായിരുന്നു. തുടര്‍ന്ന് രേഷ്മയുടെ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചു. 

ആകാശിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മറ്റൊരു സ്ഥലത്ത് കാണിക്കുന്നതിനായി ഇവര്‍ ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കു പോയി. ആകാശിന്റെ ഫെയ്സ്ബുക്കില്‍നിന്ന് പത്തനംതിട്ടയിലേക്കു പോകുകയാണെന്ന രീതിയിലുള്ള സ്റ്റാറ്റസ് ഇടുകയും ചെയ്തു. മോഷണവുമായി നടക്കുന്നതിനാല്‍ ഇയാള്‍ വീട്ടില്‍ കൃത്യമായി പോകില്ലായിരുന്നു. അതിനാല്‍ ഇയാളെ കാണാതായതിനെക്കുറിച്ച് പോലീസില്‍ പരാതിയില്ലായിരുന്നു.

കൊല്ലത്തുനിന്നു തിരിച്ചെത്തിയ ശേഷം അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹം തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. മൃതദേഹം വാഹനത്തില്‍ കയറ്റുമ്പോള്‍ അനുവിന്റെ അമ്മ അല്‍ഫോണ്‍സയാണ് ആരെങ്കിലും വരുന്നുണ്ടോയെന്നറിയാന്‍ കാവല്‍നിന്നത്. തുടര്‍ന്ന് ശുചീന്ദ്രത്തു കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ച് പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നുവെന്നും കമ്മിഷണര്‍ അറിയിച്ചു.