നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നുപേരില്‍ നിന്നായി ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചു. 3.18 കിലോ സ്വര്‍ണമാണ് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം മൂന്ന് യാത്രക്കാരില്‍ നിന്നുമായി പിടികൂടിയത്.

സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് എത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സിദ്ദിഖിന്റെ കൈവശമുണ്ടായിരുന്ന വൂഫറോടു കൂടിയ സ്പീക്കറിനകത്ത് അതി വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന സ്വര്‍ണം പിടികൂടി. സ്പീക്കറിനകത്തുള്ള ട്രാന്‍സ്‌ഫോര്‍മറിനുള്ളിലെ ചെമ്പുകമ്പി നീക്കം ചെയ്ത ശേഷം പകരം സ്വര്‍ണം കമ്പിരൂപത്തിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

രണ്ട് സ്വര്‍ണ ബിസ്‌കറ്റും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. രണ്ട് കിലോയിലേറെ സ്വര്‍ണമാണ് ഇത്തരത്തില്‍ ഒളിപ്പിച്ചിരുന്നത്. ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ദുബായിയില്‍ നിന്നു വന്ന കര്‍ണാടക സ്വദേശി സിയാവുള്‍ ഹക്ക് കാല്‍പാദങ്ങള്‍ക്കടിയില്‍ ഒട്ടിച്ച് കടത്തിക്കൊണ്ടുവന്ന 466 ഗ്രാം സ്വര്‍ണം പിടികൂടി. നാല് സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇത്തരത്തില്‍ കൊണ്ടുവന്നത്. 

വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഇയാളുടെ നടത്തത്തില്‍ സംശയം തോന്നി വിശദമായി പരിശോധിക്കുകയായിരുന്നു. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി നിയാസ് അബ്ദുള്‍റഹ്മാന്‍ ആണ് സ്വര്‍ണവുമായി പിടിക്കപ്പെട്ട മൂന്നാമത്തെ യാത്രക്കാരന്‍. പെര്‍ഫ്യൂം ബോട്ടിലിന്റെ അടപ്പിനകത്താണ് ചെറിയ മുത്തുകളുടെ രൂപത്തില്‍ 703 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 

വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്ത് വീണ്ടും സജീവമായതായി കസ്റ്റംസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് യാത്രക്കാരുടെ ബാഗേജ് പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയതായി കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഇ.വി. ശിവരാമന്‍, റോയി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

പരിശോധനകള്‍ക്ക് കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എസ്. ബിജുമോന്‍, കെ.ജി. ശ്രീകുമാര്‍, കെ. സതീഷ്, ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് രഞ്ജന്‍, എം. സുരേഷ്, ഹവില്‍ദാര്‍ പി.കെ. ഷിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.