ഗുരുഗ്രാം: എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിലാണ് സംഭവം. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് മിസ്തുവിനെ ആത്മഹത്യ ചെയ്ത നിലയില്‍  കണ്ടെത്തിയത്. അതേസമയം, മകളുടെ മരണത്തിന് ഉത്തരവാദി മിസ്തു താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥനായ അമേന്ദ്രസിങ്ങാണെന്നാണ്‌ മിസ്തുവിന്റെ പിതാവ് ഹാവ്‌ലോ ചന്ദ്ര ആരോപിക്കുന്നത്.

ബംഗാള്‍ സ്വദേശിനിയായ മിസ്തു ഗുരുഗ്രാമില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വീട്ടുടമസ്ഥന്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നതായി പിതാവ് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ കരഞ്ഞിരുന്നു. അമേന്ദ്രസിങ്ങ് ഫോണ്‍ ഹാക്ക് ചെയ്‌തെന്നും പുറത്ത് പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും  മകള്‍ പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. അമേന്ദ്രയുടെ പീഡനം സഹിക്കാനാകാതെ വീട്ടിലേക്ക് മടങ്ങിവരാനിരിക്കെയാണ് മരണം സംഭവിച്ചത്.

ചൊവ്വാഴ്ച രാത്രി  അമേന്ദ്രസിങ്ങ് ചന്ദ്രയെ വിളിച്ച് മകള്‍ മുറിയില്‍ എന്തോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അമേന്ദ്ര ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന്  ചന്ദ്ര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നോക്കിയപ്പോള്‍ മിസ്തുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ആത്മഹത്യാപ്രേണകുറ്റത്തിന് അമേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തു വിശദമായ അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 

Content Highlights: Airhostess commit suicide PG room over insulting of PG accomodation owner