ചെന്നൈ: തമിഴ്നാട്ടിൽ ദളിത് എം.എൽ.എയുടെ പ്രണയവിവാഹത്തിന് പിന്നാലെ നാടകീയരംഗങ്ങൾ. എം.എൽ.എ.യുടെ വീട്ടിലെത്തിയ വധുവിന്റെ പിതാവ് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. മകളെ എം.എൽ.എ. തട്ടിക്കൊണ്ടുവന്നതാണെന്ന് ആരോപിച്ചാണ് പുരോഹിതനായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം വിവാദമായതോടെ എം.എൽ.എയും നവവധുവും വിശദീകരണവുമായി രംഗത്തെത്തി.

കള്ളക്കുറിശ്ശിയിലെ എ.ഐ.എ.ഡി.എം.കെ. എം.എൽ.എ.യായ എ. പ്രഭുവും സൗന്ദര്യ എന്ന ബ്രാഹ്മണ യുവതിയും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ദളിത് വിഭാഗത്തിൽപ്പെട്ട പ്രഭുവിന് 36 വയസ്സാണ് പ്രായം. സൗന്ദര്യയ്ക്ക് 19-ഉം. എന്നാൽ മകളെ എം.എൽ.എ. തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതാണെന്നാണ് സൗന്ദര്യയുടെ പിതാവിന്റെ ആരോപണം. ഇരുവരുടെയും വിവാഹത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം എം.എൽ.എ.യുടെ വീട്ടിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഒടുവിൽ പോലീസുകാർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകനെപ്പോലെ കണ്ടിരുന്ന പ്രഭു തന്നെ വഞ്ചിച്ചെന്നാണ് സൗന്ദര്യയുടെ പിതാവ് പറയുന്നത്. പ്രഭു തന്റെ എല്ലാ വിശ്വാസവും തകർത്തു. തന്റെ മകളെ വശീകരിച്ച് വലയിലാക്കി. അവൾ ഒരിക്കലും വിവാഹത്തിന് തയ്യാറെടുത്തിരുന്നില്ല. മാത്രമല്ല, ഇരുവരും തമ്മിൽ 17 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും സൗന്ദര്യയുടെ പിതാവ് ആരോപിച്ചു.

ഇവരുടെ പ്രണയത്തെച്ചൊല്ലി പിതാവ് നേരത്തെ പരാതി നൽകിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. നാല് വർഷമായി പ്രഭു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പേ പ്രഭു അടുപ്പം തുടങ്ങിയിരുന്നതായും പരാതിയിലുണ്ടായിരുന്നു. എന്നാൽ സൗന്ദര്യയുമായി പ്രണയത്തിലായിട്ട് നാല് മാസം ആകുന്നതേയുള്ളൂ എന്നായിരുന്നു എം.എൽ.എ.യുടെ പ്രതികരണം.

സംഭവം വൻ വിവാദമായതോടെ പ്രഭുവും സൗന്ദര്യയും വീഡിയോയിലൂടെ ഇക്കാര്യങ്ങളിൽ വിശദീകരണവും നൽകി. സൗന്ദര്യയെ ഒരിക്കലും തട്ടിക്കൊണ്ടുവന്നതല്ലെന്നും നാല് മാസമായി തങ്ങൾ പ്രണയത്തിലാണെന്നും നവദമ്പതിമാർ പറഞ്ഞു. സൗന്ദര്യയുടെ മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം ചോദിച്ചപ്പോൾ അവർ എതിർക്കുകയാണ് ചെയ്തത്. ഇതോടെയാണ് കഴിഞ്ഞദിവസം തങ്ങൾ വിവാഹിതരായതെന്നും ദമ്പതികള്‍ വ്യക്തമാക്കി.

Content Highlights:aiadmk dalit mla a prabhu marries brahmin woman her father attempts suicide