തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുളള വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ആക്കുളത്ത് നിന്നാണ് 300 കിലോ ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ്(27), മലപ്പുറം അരീക്കോട് സ്വദേശി അജ്നാസ്(27) എന്നിവരാണ് പിടിയിലായത്. ഒന്നരക്കോടി വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസവും വലിയ തോതിൽ കഞ്ചാവ് പിടികൂടിയിരുന്നു. ആന്ധ്രയിൽനിന്ന് കടത്താൻ ശ്രമിച്ച വിപണിയിൽ രണ്ടുകോടിയോളം വിലമതിക്കുന്ന 400 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം തച്ചോട്ടുകാവിൽ വെച്ച് പിടികൂടിയത്. വള്ളക്കടവ് സ്വദേശി അഷ്കർ, ഹരീഷ് തിരുമല എന്നിവരാണ് അറസ്റ്റിലായത്. ടാറ്റാ സുമ വാഹനത്തിന്റെ പിറകിൽ സ്യൂട്ട് കേസിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും ശക്തമാക്കുന്നതിനിടെ തലസ്ഥാനത്തേക്ക് വലിയതോതിൽ കഞ്ചാവ് കടത്താൻ ശ്രമം നടക്കുന്നത് പോലീസിന് തലവേദനയാകുന്നുണ്ട്. കഞ്ചാവ് കടത്ത് കൂടുന്നത് കണക്കിലെടുത്ത് വരുംദിനങ്ങളിൽ പരിശോധന കർക്കശമാക്കാനാണ് നീക്കം.

Content Highlights:again huge quantity of ganja seized in thiruvananthapuram