ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൃപാല്‍പുര്‍ ഗ്രാമത്തില്‍ ഗൃഹനാഥന്‍ അയല്‍ക്കാരനെ തലയറുത്ത് കൊന്നു. കൃപാല്‍പുരില്‍ താമസിക്കുന്ന സുരേന്ദ്രയാണ് അയല്‍ക്കാരനായ ബദ്‌ലുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പിടികൂടിയെന്നും ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കിയെന്നും പോലീസ് അറിയിച്ചു. 

വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സുരേന്ദ്രയുടെ സഹോദരന്റെ ഭാര്യ നേരത്തെ അയല്‍ക്കാരനായ ബദ്‌ലുവിനൊപ്പം ഒളിച്ചോടിയിരുന്നു. അടുത്തിടെ സുരേന്ദ്രയുടെ സഹോദരിയുടെ മകള്‍ ബദ്‌ലുവിന്റെ മകനൊപ്പവും ഒളിച്ചോടി. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. 

കുടുംബത്തിലെ രണ്ടുപേര്‍ അയല്‍പക്കത്തുള്ളവരുമായി ഒളിച്ചോടിയത് സുരേന്ദ്രയെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി ബദ്‌ലു സുരേന്ദ്രയുടെ വീട്ടിലെത്തി പ്രകോപനം സൃഷ്ടിച്ചത്. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും സുരേന്ദ്ര അയല്‍ക്കാരനെ മര്‍ദിച്ച് തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ബദ്‌ലുവിനെ കൊലപ്പെടുത്തിയതിന് ശേഷം ഇയാളുടെ കുടുംബാംഗങ്ങളെ ആക്രമിക്കാനും പ്രതി മുതിര്‍ന്നു. എന്നാല്‍ ഇവരെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു. 

Content Highlights: after two elopements man killed neighbor in uttar pradesh