അഹമ്മദാബാദ്: മൂന്നു വർഷമായി സഹോദരൻ ലൈംഗികമായി പീഡിപ്പിക്കുന്നതായി പെൺകുട്ടിയുടെ പരാതി. ഗുജറാത്തിലെ മകർബ സ്വദേശിയായ 15-കാരിയാണ് 26-കാരനായ സഹോദരനെതിരേ പോലീസിൽ പരാതി നൽകിയത്. മാതാപിതാക്കളുടെ മരണശേഷം സഹോദരന്റെ സംരക്ഷണയിൽ കഴിയുന്നതിനിടെയാണ് പെൺകുട്ടി നിരന്തരമായ ലൈംഗിക പീഡനത്തിനിരയായത്.

പെൺകുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴാണ് പിതാവ് മരണപ്പെട്ടത്. എട്ടു വയസ്സുള്ളപ്പോൾ മാതാവും മരിച്ചു. തുടർന്ന് സഹോദരനും സഹോദരഭാര്യയ്ക്കും ഒപ്പമാണ് പെൺകുട്ടി താമസിച്ചുവന്നിരുന്നത്. രണ്ട് വർഷം മുമ്പായിരുന്നു സഹോദരൻ ആദ്യമായി പീഡിപ്പിച്ചത്. മുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച ഇയാൾ ഒച്ചവെച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വകവരുത്തുമെന്നും പറഞ്ഞു. തുടർന്ന് ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്തും രാത്രിയിലും സഹോദരൻ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

അടുത്തിടെ മാസമുറ വരാതിരുന്നപ്പോൾ പെൺകുട്ടി സഹോദരഭാര്യയുടെ മാതാവിനോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇവർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നീട് പോലീസിലും പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്തെന്നും കൂലിപ്പണിക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.

Content Highlights:after parents death minor girl raped by brother in gujarath