കൊച്ചി: വ്യാജ രേഖ ചമച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി നേടിയ അഫ്ഗാന്‍ പൗരന്റെ പാകിസ്താന്‍ ബന്ധങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍. കേരളത്തില്‍ എത്തുന്നതിനു മുമ്പ് അഫ്ഗാന്‍ പൗരന്‍ ഈദ്ഗുള്‍ (23) പാകിസ്താനിലായിരുന്നു ജോലി ചെയ്തിരുന്നത്. പാകിസ്താനിലെ വിവിധ ഇടങ്ങളില്‍ ഇയാളുടെ കുടുംബം കഴിഞ്ഞിരുന്നു. ഇതോടെയാണ് ഈദ്ഗുളിന്റെ പാകിസ്താന്‍ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും തീരുമാനിച്ചത്.

ഈദ്ഗുള്‍ കുട്ടിയായിരിക്കെയാണ് കുടുംബം പാകിസ്താനില്‍ എത്തിയത്. കറാച്ചിയടക്കം വിവിധ ഇടങ്ങളില്‍ കുടുംബം താമസിച്ചു. പിന്നീട് അഫ്ഗാനിസ്താനിലേക്ക് മടങ്ങി. പിന്നീട് ജോലി തേടി ഈദ്ഗുള്‍ വീണ്ടും പാകിസ്താനില്‍ എത്തി. കറാച്ചി തുറമുഖത്ത് പണിയെടുത്തതായും വിവരമുണ്ട്.

ഒന്നര വര്‍ഷത്തോളം കരാര്‍ തൊഴിലാളിയായി ഇയാള്‍ കൊച്ചി കപ്പല്‍ശാലയില്‍ പണിയെടുത്തു. അസമില്‍ നിന്നായിരുന്നു ഇയാള്‍ കൊച്ചിയിലേക്ക് എത്തിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ ഈദ്ഗുളിനെ റോ, ഇന്റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ. എന്നീ കേന്ദ്ര ഏജന്‍സികളും കേരള പോലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്.) യും ചോദ്യം ചെയ്തിരുന്നു.