കൊച്ചി: മദ്യം വാങ്ങി വീട്ടിലെത്തിച്ചു നൽകാമെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തയാളെ എക്സൈസ് പൊക്കി. ഗാന്ധിനഗർ സ്വദേശി മോൻസ് ജോർജ് ആണ് പിടിയിലായത്.

'മണിക്കൂറുകൾ മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട, മദ്യത്തിന്റെ വിലയോടൊപ്പം 100 രൂപ ഡെലിവറി ചാർജ് നൽകിയാൽ കുപ്പി വീട്ടിലെത്തും. പണം മുൻകൂറായി ഗൂഗിൾ പേ ആയോ അക്കൗണ്ടിലേക്ക് ഇട്ടുനൽകുകയോ ചെയ്യണം...' എന്നിങ്ങനെയായിരുന്നു പരസ്യം.

ഇതു ശ്രദ്ധയിൽപ്പെട്ട എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. അശോക് കുമാറിന്റെ നിർദേശാനസുരണം സർക്കിൾ ഇൻസ്പെക്ടർ പി. അൻവർ സാദത്ത് ആണ് മോൻസിനെ കസ്റ്റഡിയിലെടുത്തത്. പരസ്യത്തിനായി അടിച്ചിറക്കിയ കാർഡും പിടിച്ചെടുത്തു.