അടൂര്‍: 25 ലക്ഷം രൂപയുടെ ക്യാമറാ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. വൈക്കം ഉദയനാപുരം ഷാജാസ് ഭവനില്‍ ഷിജാസി(36)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ കെ.പി. റോഡില്‍ ക്യാമറസ്‌കാന്‍ എന്ന സ്ഥാപനത്തില്‍നിന്ന് സെപ്റ്റംബര്‍ 20-നാണ് ഇവ മോഷണം പോയത്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. 400 സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തുന്നത്. ഇയാള്‍ മോഷ്ടിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

തൃശ്ശൂര്‍, ഒറ്റപ്പാലം പോലീസ് സ്റ്റേഷനുകളില്‍ ക്യാമറക്കടകളില്‍ മോഷണം നടത്തി ഒളിവില്‍പ്പോയ പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. കളമശ്ശേരിയിലും കൊല്ലത്തും സമാനശ്രമങ്ങള്‍ നടത്തിയിരുന്നു.

ചെറുതുരുത്തി, പുതുനഗരം, പട്ടാമ്പി, വൈക്കം, ഏലത്തൂര്‍, കളമശ്ശേരി എടത്തല, തൃശ്ശൂര്‍ ഈസ്റ്റ്, കിഴക്കമ്പലം, മുളന്തുരുത്തി, പോലീസ് സ്റ്റേഷനുകളിലായി 15 കേസുകളിലും ഇയാള്‍ പ്രതിയാണ്. എം.എസ്സി. ബിരുദധാരിയാണ്.

അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. ടി.ഡി. പ്രജീഷ്, എസ്.ഐ.മാരായ എം.മനീഷ്, സായി സേനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, പ്രവീണ്‍, രതീഷ് ചന്ദ്രന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. ഒരു പ്രതികൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതിയെ കണ്ടെത്താന്‍ പരിശോധിച്ചത് 400 സി.സി.ടി.വി. ദൃശ്യങ്ങള്‍ 

അടൂര്‍: 25 ലക്ഷംരൂപയുടെ ക്യാമറ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ കണ്ടെത്താന്‍ പോലീസ് വിവിധയിടങ്ങളിലായി പരിശോധിച്ചത് 400 സി.സി.ടി.വി. ദൃശ്യങ്ങള്‍. അന്വേഷണം ആരംഭിച്ച് ഏഴുദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചു. അടൂര്‍ ഭാഗത്തുനിന്നു ലഭിച്ച ക്യാമറാദൃശ്യം മാത്രമായിരുന്നു ആദ്യമുണ്ടായിരുന്ന ആകെ തെളിവ്. രണ്ടുപ്രതികളുള്ള കേസില്‍ ക്യാമറയുമായി കടന്നത് കെ.എസ്.ആര്‍.ടി.സി. ബസിലാണ് എന്ന ആദ്യസൂചന ലഭിച്ചു.

തുടര്‍ന്ന് ഇരുപതോളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളിലും പത്തോളം റെയില്‍വേ സ്റ്റേഷനുകളിലും അന്വേഷണം നടത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍നിന്നും പ്രതികള്‍ എറണാകുളം സൈഡിലേക്ക് പോയതായി വിവരം ലഭിച്ചു. പോലീസ് എറണാകുളം, അരൂര്‍, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, കാലടി മേഖലകളില്‍ അന്വേഷണം നടത്തി.

പന്തളം കുരമ്പാലയിലുള്ള ഒരു മൊബൈല്‍ ഷോപ്പില്‍നിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ബസിനെ സംബന്ധിച്ച ആദ്യ സൂചന പോലീസിന് ലഭിച്ചത്. ഇതിനിടയില്‍ ക്യാമറകളില്‍ ഒന്ന് വില്‍പ്പനയ്ക്കായി എറണാകുളം ഭാഗത്തെ കടയില്‍ കൊണ്ടുചെന്നു. ഇവിടെനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് മൂവാറ്റുപുഴയിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ലോഡ്ജില്‍ നിന്നു പ്രതി ഷിജാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹായി ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് ഷിജാസ് പറഞ്ഞതായി പോലീസ് പറഞ്ഞു. ഇയാളെപ്പറ്റി ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഷിജാസ് നിരവധി കേസുകളിലെ പ്രതിയാണെന്നും ക്യാമറാമോഷണ കേസില്‍ ആദ്യമായിട്ടാണ് പിടിയിലാകുന്നതെന്നും പോലീസ് പറഞ്ഞു.