അടിമാലി: രാജധാനി കൂട്ടക്കൊലയുമായി സാമ്യമുള്ള കൊലപാതകമായിരുന്നു കുരിശുപാറ ഗോപിവധവും. രണ്ടും അടിമാലി സ്റ്റേഷന്‍ പരിധിയില്‍. 2015 ഫെബ്രുവരി 18-നായിരുന്നു ഒരു കുടുംബത്തിലെ മൂന്നുപേരെ ഇല്ലാതാക്കിയ രാജധാനി കൊലപാതകം നടന്നത്. രണ്ടിലും പണമായിരുന്നു ലക്ഷ്യം. പ്രതികള്‍ അന്യസംസ്ഥാനക്കാര്‍. കൊലപാതകരീതിയിലും സമാനത. യാതൊരു തെളിവും ബാക്കിവെയ്ക്കാതെയാണ് രണ്ട് കേസിലെയും പ്രതികള്‍ സംഭവദിവസംതന്നെ സ്വദേശത്തേക്ക് കടന്നത്.

രാജധാനി കൂട്ടക്കൊല അന്വേഷിച്ച സംഘത്തിലെ പ്രധാന അംഗങ്ങള്‍ ഗോപി വധക്കേസിന്റെ അന്വേഷണ സംഘത്തിലും ഉണ്ടായിരുന്നത് കാരണം കൃത്യം നടന്ന് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ പ്രതി പോലീസിലെ വലയിലായതാണ് ശ്രദ്ധേയം.

ഈ മാസം ഏഴിനാണ് കുരിശുപാറ അറക്കല്‍ ഗോപി കൊല്ലപ്പെട്ടത്. ഒരു തെളിവും ബാക്കിവെയ്ക്കാതെയാണ് പ്രതി രാജ്കുമാര്‍ അന്ന് ഒഡീഷയിലേക്ക് പോയത്. മൂന്നുറോളം പേരുടെ ഫോണ്‍ ടവറും വിരലടയാളവും രണ്ട് ദിവസം കൊണ്ട് പരിശോധിച്ച് പ്രതി രാജ് കുമാറിലേക്ക് എത്തി. ഒഡീഷയിലെ മാവോയിസ്റ്റ് മേഖലയില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രാജ് കുമാര്‍ ഏറ്റവും കൂടുതല്‍ ഫോണ്‍ ഉപയോഗിച്ച ഒഡീഷയിലെ റിട്ടഗ്യ എന്ന ഗ്രാമം മാത്രമായിരുന്നു ലക്ഷ്യം. മാര്‍ച്ച് 12-ന് വിജയവാഡായിലെത്തി. അവിടെനിന്ന് പുലര്‍ച്ചെ അഞ്ചരയോടെ 240 കിലോമീറ്റര്‍ ദൂരമുള്ള റിട്ടഗ്യ ലക്ഷമാക്കി സ്വകാര്യ വാഹനത്തില്‍ യാത്ര. ഇതില്‍ 120 കിലോമീറ്റര്‍ ടൈഗര്‍ ഫോറസ്റ്റ് മേഖലയും. വൈകീട്ട് നാലുമണിയോടെ അവിടെയെത്തി. രണ്ടുദിവസം മുമ്പ് 75 കിലോമീറ്റര്‍ അകലെ രാജ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത സിഗ്‌നല്‍ രേഖ മാത്രമാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്. രാജ് കുമാറിന്റെ ഒഡീഷയിലെ വിലാസം അറിയില്ല.

ഏകദേശം നാല് മണിക്കൂര്‍ നേരത്തെ രഹസ്യ അന്വേഷണത്തിനുശേഷം പ്രതി രാജ്കുമാര്‍ ഈ ഗ്രാമത്തില്‍തന്നെ ഉണ്ടെന്ന് സംഘത്തിന് ബോധ്യമായി. പ്രതിയെ പിടികൂടാന്‍ ഉദയഗിരി പോലീസ് സ്റ്റേഷനിലെ പോലീസ് സഹായം ആവശ്യപ്പെട്ടു. എന്നാല്‍, മാവോയിസ്റ്റ് അമിത സാന്നിധ്യമുള്ള പ്രദേശത്ത് സഹായത്തിന് വിമുഖതയാണ് അവരില്‍നിന്നുണ്ടായത്.

രണ്ട് ജില്ലാ പോലീസ് മേധാവികള്‍ ടെലഫോണില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം കേരള പോലീസിനെ സഹായിക്കാന്‍ ഒഡീഷ പോലീസ് തീരുമാനിച്ചു. ഒരു വനിതാ എസ്.ഐ.യുടെയും ഒരു ലോക്കല്‍ പോലീസ് കോണ്‍സ്റ്റബിളിന്റെയും മാത്രം സഹായം വിട്ടുനല്‍കി. തുടര്‍ന്ന് രാത്രി 11.30-ഓടെ രാജ് കുമാര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായി. ഗതാഗത തടസ്സങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് പ്രതിയെ നാട്ടിലെത്തിച്ചത്.

രാജധാനി കൂട്ടക്കൊലക്കേസിലെ പ്രതികളെ പിടികൂടിയത് കര്‍ണാടകത്തിലെ തുംകൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിയില്‍നിന്നായിരുന്നു. അന്ന് അന്വേഷണ സംഘം ദിവസങ്ങളോളം പ്രതികള്‍ ഒളിവില്‍കഴിഞ്ഞ കോളനിയില്‍ രഹസ്യമായി താമസിച്ചാണ് ഒരുമാസത്തിനുശേഷം നാലുപേരേയും പിടികൂടിയത്. ആ സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍മാരായ സി.ആര്‍.സന്തോഷ്, സജി എന്‍.പോള്‍ എന്നിവര്‍ ഈ അന്വേഷണ സംഘത്തിലും ഉണ്ടായിരുന്നു.

ഇവര്‍ക്ക് അന്ന് പ്രത്യേക അംഗീകാരവും ലഭിച്ചിരുന്നു. ഈ പരിചയസമ്പത്ത് ഗോപിവധക്കേസിലെ പ്രതിയെ പിടികൂടുന്നതിന് സഹായകമായി. ഇവരെക്കൂടാതെ അടിമാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എസ്.ഷാരോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.യു.അജിത്ത് എന്നിവരും ഈ സംഘത്തിലുണ്ട്.