കൊച്ചി: ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, ഷോപ്പിങ് മാൾ, സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

17-ാം തീയതി വൈകിട്ട് 5.45-നാണ് പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവർ മാളിൽ ചെലവഴിച്ചു. രാത്രി 7.02-നാണ് നടിക്ക് നേരെ മോശംപെരുമാറ്റമുണ്ടായത്.

ഇതിനുപിന്നാലെ 7.45-ഓടെ മാളിൽനിന്ന് പുറത്തിറങ്ങി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും എത്തി. രാത്രിയോടെ ഇരുവരും ട്രെയിൻ മാർഗം കൊച്ചിയിൽനിന്ന് യാത്ര തിരിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് കരുതുന്നു.

മാസ്ക് ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതാണ് പോലീസിനെ കുഴക്കുന്നത്. അതേസമയം, ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് കരുതുന്നത്. മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽനിന്ന് വാങ്ങിയിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് യുവനടിക്ക് നഗരത്തിലെ ഷോപ്പിങ് മാളിൽവെച്ച് ദുരനുഭവമുണ്ടായത്. ഇക്കാര്യം നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വനിത കമ്മീഷനും യുവജനകമ്മീഷനും സംഭവത്തിൽ ഇടപെട്ടിരുന്നു.

Content Highlights:actress molested in shopping mall in kochi police released cctv visuals of accused