മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിന് നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു. പരിക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

യോഗേഷ് കുമാർ മഹിപാൽ എന്നയാളാണ് നടിയെ ആക്രമിച്ചത്. രാത്രി മുംബൈ വെർസോവയിലെ കഫേയിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന നടിയെ കാർ തടഞ്ഞുനിർത്തിയാണ് കുത്തിപരിക്കേൽപ്പിച്ചത്. ആഡംബര കാറിലെത്തി നടിയെ ആക്രമിച്ച ശേഷം യോഗേഷ് കുമാർ രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഒരുവർഷമായി നടിയും ഇയാളും സുഹൃത്തുക്കളായിരുന്നു. എന്നാൽ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യർഥന നടത്തി. ഇതോടെ യോഗേഷുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് കഴിഞ്ഞദിവസം നടിയെ കാർ തടഞ്ഞ് ആക്രമിച്ചത്. എന്താണ് തന്നോട് സംസാരിക്കാത്തതെന്ന് ചോദിച്ചതിന് പിന്നാലെ യുവാവ് നടിയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആഡംബര കാറിൽ ഇയാൾ കടന്നുകളയുകയും ചെയ്തു.

Content Highlights:actress malvi malhotra stabbed in mumbai