കൊച്ചി: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ നടി ലീന മരിയ പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ചെന്നൈയിലെ സിബിഐ ഓഫീസിലാണ് നടി ഹാജരായത്. എന്നാൽ കോവിഡ് ഭീഷണി കാരണം അന്വേഷണ ഉദ്യോഗസ്ഥർക്ക് നടിയെ ചോദ്യം ചെയ്യാനായില്ല. അതേസമയം, പണം തട്ടാൻ ശ്രമിച്ച കേസിൽ ലീനയുടെ ഭർത്താവ് സുകേഷ് ചന്ദ്രശേഖരനും പങ്കുള്ളതായി സിബിഐ കണ്ടെത്തി.

സിബിഐ കേസിൽ ഉൾപ്പെട്ട ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിൽനിന്നാണ് ലീനയും സംഘവും സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ചത്. ആദ്യം രണ്ട് ചെന്നൈ സ്വദേശികളെ പ്രതിയാക്കി സിബിഐ കേസെടുത്തു. ഇവരിൽനിന്നാണ് ലീനയുടെയും ഭർത്താവിന്റെയും പങ്ക് കണ്ടെത്തിയത്. എന്നാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയതിന് പിന്നാലെ ലീന ഒളിവിൽപോവുകയായിരുന്നു.

ലീനയെ കണ്ടെത്താൻ സിബിഐ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ തെലങ്കാന ഹൈക്കോടതിയിൽനിന്ന് നടി മുൻകൂർ ജാമ്യം നേടി. അന്വേഷണവുമായി സഹകരിക്കാമെന്നടക്കം ഉറപ്പുനൽകിയാണ് ജാമ്യം നേടിയത്. ഇതനുസരിച്ചാണ് ലീന ചെന്നൈയിലെ സിബിഐ ഓഫീസിൽ ഹാജരായത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കേസ് അന്വേഷിക്കുന്ന ഹൈദരാബാദിലെ സിബിഐ ഓഫീസിൽ ഹാജരാകാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും നടി ഉദ്യോഗസ്ഥരെ അറിയിച്ചു. കേസിൽ ലീനയെ നാലാം പ്രതിയാക്കിയും ഭർത്താവ് സുകേഷ് ചന്ദ്രശേഖരനെ അഞ്ചാം പ്രതിയാക്കിയും സിബിഐ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് കോഴ കേസിൽ പിടിയിലായ സുകേഷ് ചന്ദ്രശേഖർ നിലവിൽ തിഹാർ ജയിലിലാണ്.

Content Highlights:actress leena mariya paul cbi case