ചെന്നൈ: സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ കേസന്വേഷണം ചെന്നൈ പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.

ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ മഹേഷ്‌കുമാര്‍ അഗര്‍വാള്‍ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞമാസം ഒന്‍പതിന് പുലര്‍ച്ചെയാണ് നസ്രത്‌പേട്ടയിലെ സ്വകാര്യഹോട്ടലില്‍ നടി ചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചിത്രയുടെ അച്ഛന്‍ കാമരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നസ്രത്ത്പേട്ട പോലീസാണ് കേസില്‍ ഇതുവരെ അന്വേഷണം നടത്തിയിരുന്നത്. ചിത്ര ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയതിനുപിന്നാലെ ഭര്‍ത്താവ് ഹേമന്ദിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് അധികനാളായിട്ടില്ലാത്തതിനാല്‍ പോലീസന്വേഷണത്തിന് സമാന്തരമായി ശ്രീപെരുംപുതൂര്‍ ആര്‍.ഡി.ഒ. യും അന്വേഷണം നടത്തിയിരുന്നു.

മരണത്തിന് പിന്നില്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിട്ടില്ലെന്നും മറ്റേതോ കാരണത്താല്‍ നടി ജീവനൊടുക്കിയിരിക്കാമെന്നുമാണ് ആര്‍.ഡി.ഒ. റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ വിശദവും സുതാര്യവുമായ അന്വേഷണമാവശ്യപ്പെട്ട്, കേസ് സി.ബി.സി.ഐ.ഡി. ക്ക് കൈമാറണമെന്ന് നേരത്തേ ചിത്രയുടെ അമ്മ വിജയ മുഖ്യമന്ത്രിയുടെ സി.എം. സെല്ലില്‍ നിവേദനം നല്‍കിയിരുന്നു.

പോലീസന്വേഷണം ഏകപക്ഷീയമാണെന്നാരോപിച്ച് ഹേമന്ദിന്റെ അച്ഛന്‍ രവിചന്ദ്രന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഈനിലയിലാണ് കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയിരിക്കുന്നത്.

Content Highlights: actress chithra death case handover to central crime branch