കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേഗത്തിലാക്കി പോലീസ്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്‌തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു. 

തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. 

നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യംചെയ്യാനായി പോലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. 

Content Highlights: Actress Attack Case; Police team will interrogate actor Dileep