കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലാണ് പരിശോധന. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആലുവയില്‍ നിന്നുള്ള കൂടുതല്‍ പോലീസിനെയും വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന നടത്തിയത് ദിലീപിന്റെ ആലുവയിലെ വീട്ടില്‍വെച്ചാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് 'പത്മസരോവര'ത്തില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. 

dileep home raid
ദിലീപിന്റെ വീടിന് മുന്നില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: മാതൃഭൂമി

വീട്ടില്‍ പരിശോധന നടത്താനുള്ള കോടതി ഉത്തരവുമായാണ് ക്രൈംബ്രാഞ്ച് സംഘം പത്മസരോവരത്തില്‍ എത്തിയത്. ആദ്യം ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടുവളപ്പിലേക്ക് കയറിയത്. പിന്നാലെ കൂടുതല്‍ പോലീസുകാര്‍ വീടിനകത്തേക്ക് പ്രവേശിച്ചു. റെയ്ഡിനിടെ ദിലീപിന്റെ സഹോദരി വീട്ടിലേക്ക് എത്തിയിരുന്നു.

 

Content Highlights : Crime branch raid on Actor Dileep's house