കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് നാലുമണിക്കൂര്‍ പിന്നിട്ടു. രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘം ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. 

അതേസമയം, റെയ്ഡിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ 2.20-ന് ദിലീപിന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. അനൂപിന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും റെയ്ഡ് തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30-ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്. 

Read Also: അന്വേഷണ സംഘമെത്തിയത് നാടകീയമായി; ദിലീപിന്റെ വീട്ടില്‍ കയറിയത് ഗേറ്റ് ചാടിക്കടന്ന്-വീഡിയോ

അതിനിടെ, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ പരിശോധന അല്പം വൈകിയാണ് ആരംഭിച്ചത്. പോലീസ് സംഘം ആദ്യമെത്തിയപ്പോള്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് ജീവനക്കാരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിച്ചശേഷമാണ് പരിശോധന ആരംഭിച്ചത്. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ ഒരേസമയം റെയ്ഡ് നടത്തുന്നത്.

Content Highlights: actress attack case crime branch raid continues in dileep home