കൊൽക്കത്ത: ബോളിവുഡ് താരം ആര്യ ബാനർജിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 35-കാരിയായ നടിയെ സൗത്ത് കൊൽക്കത്തയിലെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം പുറത്തുവന്ന് ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. നടി ഒറ്റയ്ക്കായിരുന്നു ഫ്ളാറ്റിൽ താമസം.

വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി കോളിങ് ബെല്ലടിച്ചിട്ടും ആര്യയുടെ പ്രതികരമണമുണ്ടായില്ല. തുടർന്ന് ഇവർ അയൽക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയിട്ട വാതിൽ പൊളിച്ചാണ് പോലീസ് ഫ്ളാറ്റിൽ പ്രവേശിച്ചത്.

കൊൽക്കത്തയിലെ ഫ്ളാറ്റിൽ ഏറെക്കാലമായി നടി ഒറ്റയ്ക്കായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. ഒരു വളർത്തുനായയും ഒപ്പമുണ്ടായിരുന്നു. ഫ്ളാറ്റിൽനിന്ന് നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പതിവായി ഓൺലൈൻ മുഖേനെയാണ് നടി ഭക്ഷണം വരുത്തിയിരുന്നത്. അയൽക്കാരുമായി ബന്ധമുണ്ടായിരുന്നില്ല. സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

നടിയുടെ ഫോൺകോൾ വിവരങ്ങളും ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ആരെങ്കിലും ഫ്ളാറ്റിൽ വന്നോ കഴിഞ്ഞദിവസം ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥരും ഫ്ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി.

പ്രമുഖ സിത്താർ വാദകനായ നിഖിൽ ബാനർജിയുടെ മകളാണ് ആര്യ ബാനർജി. ദേവദത്ത ബാനർജി എന്നാണ് യഥാർഥ പേരെങ്കിലും ആര്യ ബാനർജി എന്ന പേരിലാണ് സിനിമ-മോഡലിങ് രംഗത്ത് അറിയപ്പെട്ടിരുന്നത്. ഏകസഹോദരി സിങ്കപ്പൂരിലാണ് താമസം. ഡേർട്ടി പിക്ചർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്.

Content Highlights:actress arya banerjee found dead in her apartment in kolkata