ബെംഗളൂരു: മലയാള സിനിമാചിത്രീകരണത്തിനിടെ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ മോശമായി പെരുമാറിയതായി കന്നഡ നടി അക്ഷത ശ്രീധര്‍ ശാസ്ത്രി.

'കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ 03' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്ന് കാണിച്ച് നടി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനില്‍ കുമാറിന് പരാതി നല്‍കി. ചെന്നൈയിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഹോട്ടല്‍മുറി വൃത്തിയാക്കാത്തത് ചോദ്യംചെയ്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്ന് നടി പറയുന്നു. മുറി വൃത്തിയാക്കാന്‍ നിങ്ങള്‍ രാജകുമാരിയല്ലല്ലോയെന്നാണ് ഹോട്ടല്‍ റിസപ്ഷനില്‍ ഇരുന്നയാള്‍ ചോദിച്ചത്. ഇതുവരെ താമസിച്ചതിന്റെ പണം നല്‍കിയില്ലെന്ന് പറഞ്ഞും അപമാനിച്ചു. ഇതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടെങ്കിലും അവരും തന്റെ ഭാഗത്തുനിന്നില്ലെന്ന് നടി ആരോപിക്കുന്നു. കേരള പോലീസിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഇതോടെ നടി ബെംഗളൂരുവിലേക്ക് തിരിച്ചുവരികയായിരുന്നു.

ത്രാതക, ഉദ്ദീശ്യ, രാജണ്ണ മേഘ, രാജീവ തുടങ്ങിയ കന്നഡ സിനിമകളില്‍ അക്ഷത പ്രധാന വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്.

Content Highlights: actress akshatha sreedhar reddy filed complaint against hotel employees