കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്‌തേക്കും. ശനിയാഴ്ച കൊച്ചിയില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തെന്നാണ് സൂചന.

പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിനായി ദിലീപിന് നോട്ടീസ് നല്‍കും. പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും യോഗത്തില്‍ തീരുമാനമായെന്നാണ് പുറത്തുവരുന്ന വിവരം.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ഇതിനായി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. 20-ാം തീയതിക്കകം കേസിന്റെ റിപ്പോര്‍ട്ട് കൈമാറേണ്ടതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യംചെയ്യലും മൊഴിയെടുക്കലുമെല്ലാം അടുത്തദിവസങ്ങളില്‍ തന്നെ ഉണ്ടായേക്കും. 

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദേശമനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം സത്യസന്ധമായി നടക്കും. അതെല്ലാം വഴിയെ അറിയിക്കാം. കോടതി നിര്‍ദേശം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. ഇപ്പോള്‍ ഒന്നും പറയാനില്ല. അന്വേഷണപുരോഗതിക്കനുസരിച്ച് വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: actress abduction case special investigation team will interrogate actor dileep again