കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജനുവരി 20-ലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ദിലീപ് അടക്കമുള്ള കക്ഷികള്‍ക്ക് വിചാരണ കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. 

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ തുടരന്വേഷണവും ആരംഭിച്ചതായാണ് വിവരം. ഇതിന്റെഭാഗമായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞദിവസമാണ് അന്വേഷണസംഘം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ വിശദാംശങ്ങള്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിരുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Content Highlights: actress abduction case prosecution petition will consider on january 20