കൊച്ചി: നടന്‍ ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി. എറണാകുളം സി.ജെ.എം. കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. അടുത്തദിവസം തന്നെ മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. തുടര്‍ന്ന് കേസില്‍ പോലീസ് സംഘം തുടരന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം തന്നെ അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിരുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

Content Highlights: actress abduction case magistrate will record director balachandrakumar statement