കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തിയത് നാടകീയമായി. 11.30-ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഗേറ്റ് ചാടിക്കടന്നാണ് ആദ്യം വീട്ടില്‍ പ്രവേശിച്ചത്.

ഗേറ്റില്‍ നിന്നും നോക്കിയാല്‍ നേരിട്ട് കാണാനാകാത്ത വിധത്തിലാണ് വീട്.  അതിനാല്‍, റെയ്ഡിനെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥരിലൊരാള്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി ഗേറ്റ് തുറന്ന് മറ്റുള്ളവരെ അകത്ത് പ്രവേശിപ്പിച്ചു.

dileep home raid

ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയും സഹോദരന്‍ അനൂപിന്റെ വീടും ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നത്. പത്മസരോവരത്തിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്.

Content Highlights: actress abduction case crime branch raid in actor dileep home aluva