തിരുവനന്തപുരം: സിനിമ, സീരിയൽ താരം ഉണ്ണി പി.രാജൻദേവിന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്. കോവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാൽ പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കായിട്ടില്ലെന്നും ഉണ്ണി പി.രാജൻദേവിനെക്കുറിച്ചുള്ള വിവരങ്ങൾ അങ്കമാലി പോലീസിന് കൈമാറിയിട്ടുണ്ടെന്നും വട്ടപ്പാറ പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനിൽ ജെ.പ്രിയങ്കയെ(25) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭർത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നൽകിയത്.

അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ കഴിഞ്ഞദിവസം പ്രിയങ്ക വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

ഇതിനിടെ, വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കൾ കഴിഞ്ഞദിവസം പുറത്തുവിട്ടു.

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷം കാക്കനാട്ട് ഫ്ളാറ്റ് വാങ്ങുന്നതിനായി ഉണ്ണി പ്രിയങ്കയോട് പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പണം നൽകിയെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പ്രിയങ്കയെ മർദിക്കുന്നത് പതിവായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.

അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനാണ് ഉണ്ണി പി.രാജൻദേവ്. രക്ഷാധികാരി ബൈജു,കാറ്റ്, ആട് 2 തുടങ്ങിയ സിനിമകളിലും സീരിയലുകളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്. അങ്കമാലി പോലീസിന്റെ സഹായത്തോടെ ഇയാളെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Content Highlights:actor unni rajan p dev wife priyanka death police investigation