ഹൈദരാബാദ്:   നടി രാകുല്‍പ്രീത് സിങ് ഇ.ഡിക്ക്(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) മുന്നില്‍ ഹാജരായി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനായാണ് വെള്ളിയാഴ്ച നടി ഇ.ഡി. ഓഫീസിലെത്തിയത്. ഇ.ഡി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിലും നേരത്തെയാണ് രാകുല്‍പ്രീത് സിങ് ചോദ്യംചെയ്യലിനെത്തിയത്. രാകുല്‍പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിന് ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. ഇതിനുമുമ്പുള്ള ദിവസം തന്നെ ഹാജരാകാന്‍ അനുവദിക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. തുടര്‍ന്നാണ് സെപ്റ്റംബര്‍ മൂന്നിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 

അതിനിടെ, 2017-ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മറ്റൊരു നടി ചാര്‍മി കൗറിനെ ഇ.ഡി. എട്ട് മണിക്കൂറോളം ചോദ്യംചെയ്തു. വ്യാഴാഴ്ച ബഷീര്‍ബാഗിലെ ഇ.ഡി. ഓഫീസില്‍ ഹാജരായ ചാര്‍മി കൗറില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. 2015 മുതല്‍ 2017 വരെയുള്ള അക്കൗണ്ട് വിവരങ്ങളും ബാങ്ക് ഇടപാടുകളും സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചത്. രാവിലെ ഓഡിറ്റര്‍മാര്‍ക്കൊപ്പമാണ് ചാര്‍മി കൗര്‍ ഇ.ഡി. ഓഫീസിലെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യംചെയ്യല്‍ തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മാത്രമാണ് ഇടവേള അനുവദിച്ചത്. 

ഇ.ഡി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാരേഖകളും താന്‍ സമര്‍പ്പിച്ചതായി നടി ചാര്‍മി കൗര്‍ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. അന്വേഷണവുമായി താന്‍ പൂര്‍ണമായി സഹകരിച്ചെന്നും ഇനിയും അത് തുടരുമെന്നും ചാര്‍മി കൗര്‍ പറഞ്ഞു. നിയമതടസമുള്ളതിനാല്‍ ചില കാര്യങ്ങള്‍ തനിക്ക് ഇപ്പോള്‍ സംസാരിക്കാനാകില്ലെന്നും നടി വ്യക്തമാക്കി. 

2017-ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് തെലുങ്ക് സിനിമയിലെ പന്ത്രണ്ടോളം പേരെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സംവിധായകനായ പുരി ജഗന്നാഥിനെ ഇ.ഡി. വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചാര്‍മി കൗറിനെയും ചോദ്യംചെയ്തത്. 

2017-ല്‍ വമ്പന്‍ മയക്കുമരുന്ന് റാക്കറ്റ് പോലീസിന്റെ പിടിയിലായതോടെയാണ് സിനിമാമേഖലയിലേക്ക് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചത്. 2017-ലെ മയക്കുമരുന്ന് കേസില്‍ യു.എസ്. പൗരന്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ടോളിവുഡ് താരങ്ങളുടെ പങ്കിനെക്കുറിച്ചും വിവരം ലഭിച്ചത്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി.യുടെ അന്വേഷണപരിധിയിലുള്ളത്. ടോളിവുഡിലെ 12 പേരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും കള്ളപ്പണം വെളുപ്പിക്കലിന് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ ഇവരെ പ്രതിയാക്കുമെന്നുമാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ വിശദീകരണം. 

Content Highlights: actor rakul preet sigh appears before ed for questioning in drugs case