തൃശ്ശൂര്‍: ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം കൈയേറ്റഭൂമിയിലാണെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. തൃശ്ശൂര്‍ കളക്ടര്‍ എ. കൗശികനാണ് അന്വേഷണം നടത്തുന്നത്. മുന്‍വിധിയോടെയല്ല അന്വേഷണമെന്ന് അദ്ദേഹം പറഞ്ഞു. എത്രയുംവേഗം റിപ്പോര്‍ട്ട് നല്കാന് റവന്യൂമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡി സിനിമാസ് സമുച്ചയം കൈയേറ്റഭൂമിയിലാണെന്ന ആരോപണത്തില്‍ മുമ്പ് രണ്ടുവട്ടം അന്വേഷണം നടന്നിരുന്നു. ആദ്യ അന്വേഷണത്തില്‍ ദിലീപിന് അനുകൂലമായും രണ്ടാമത്തേതില്‍ പ്രതികൂലമായും റിപ്പോര്‍ട്ട് വന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ദിലീപിന്റെ അറസ്റ്റോടെ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നു. തിയേറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും ആദ്യം പങ്കാളിത്തമുണ്ടായിരുന്നതായാണ് വിവരം. മണിയുടെ ദുരൂഹ മരണത്തിനുപിന്നില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന് സി.ബി.ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന ആരോപണവുമായി സിനിമാസംവിധായകന് ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് രാമകൃഷ്ണന്റെ പരാതി.
തിയേറ്റര്‍ സമുച്ചയം നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ആലുവ തോട്ടക്കാട്ടുകര സ്വദേശി കെ.സി. സന്തോഷാണ് ആദ്യം പരാതി നല്‍കിയത്. 2014ലായിരുന്നു അത്. അന്ന് തൃശ്ശൂര്‍ കളക്ടറുടെ അന്വേഷണത്തില്‍ എട്ടുപേരില്‍നിന്ന് ഭൂമിവാങ്ങിയ രേഖകള്‍ കണ്ടെത്തി. തോട് പുറമ്പോക്കിലെ 35 സെന്റ് കൈയേറിയിട്ടുണ്ടെങ്കിലും രജിസ്ട്രേഷന് നടത്തിയതിനാല്‍ വാങ്ങിയ വ്യക്തി കുറ്റക്കാരനല്ലെന്നായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്.
2015ല്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് ലഭിച്ച പരാതിപ്രകാരം റവന്യൂ വിജിലന്‍സ് സംഘം കൈയേറ്റമുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മിഷനെ അന്വേഷണത്തിന് നിയമിക്കണമെന്നായിരുന്നു വിജിലന്‍സ് നിര്‍ദേശം. തുടര്‍നടപടിയുണ്ടായില്ല. ഒരു മന്ത്രിയുടെ ഇടപെടലാണ് നടപടി ഒതുക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
തിയേറ്റര്‍ സമുച്ചയം നിര്‍മിച്ച സ്ഥലംമുഴുവന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്നും സ്ഥലം കൈക്കലാക്കാന്‍ ദിലീപ് വ്യാജരേഖ ചമച്ചുവെന്നുമാണ് പുതിയ പരാതി. ചാലക്കുടി വില്ലേജിലെ ബി.ടി.ആര്.പ്രകാരം സ്ഥലം പുറമ്പോക്കാണ്. രാജകുടുംബത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതായി 1964 ജൂണ്‍ 24ന് ഉത്തരവിറക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.