മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ ദലീപ്‌ താഹിലിന്റെ മകൻ ധ്രുവ് താഹിൽ അറസ്റ്റിൽ. മുംബൈ പോലീസിന്റെ ആന്റി നാർകോട്ടിക്സ് സെൽ ആണ് ധ്രുവ് താഹിലിനെ പിടികൂടിയത്.

മയക്കുമരുന്ന് കടത്തുകാരനായ മുസമ്മിൽ അബ്ദുറഹ്മാൻ ശൈഖ് എന്നയാളെ മുംബൈ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബോളിവുഡ് നടന്റെ മകനും മയക്കുമരുന്ന് ഇടപാടിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

ധ്രുവിന് 2019 മുതൽ മുസമ്മിലുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. മയക്കുമരുന്ന് സംബന്ധിച്ച് ഇരുവരും നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘത്തിന് ലഭിച്ചു. മാത്രമല്ല, മയക്കുമരുന്നിനായി ആറ് തവണ ധ്രുവ് മുസമ്മിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും കണ്ടെടുത്തു. ഇതിനുപിന്നാലെയാണ് ആന്റി നാർകോട്ടിക്ക് സെല്ലിന്റെ ബാന്ദ്ര യൂണിറ്റ് ധ്രുവ് താഹിലിനെ അറസ്റ്റ് ചെയ്തത്.

Content Highlights:actor dalip tahils son dhruv tahil arrested in drug case