മുംബൈ: മയക്കുമരുന്ന് കേസില്‍ നടനും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം നടന്റെ മുംബൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിഗുളികകള്‍ കണ്ടെടുത്തതിരുന്നു. ഇതിനുപിന്നാലെയാണ് രാജസ്ഥാനില്‍നിന്ന് മുംബൈയിലെത്തിയ അജാസ് ഖാനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 

അജാസ് ഖാന്‍ ലഹരിക്കടത്തുകാരനായ ഷദാബ് ഫാറൂഖ് ഷെയ്ഖിന്റെ സംഘത്തില്‍പ്പെട്ട ആളാണെന്നാണ് എന്‍സിബി നല്‍കുന്ന വിവരം. കഴിഞ്ഞ വ്യാഴാഴ്ച അതിമാരക ലഹരിമരുന്നുകളുമായി ഷദാബ് ഷെയ്ഖിനെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് സംഘത്തില്‍പ്പെട്ട അജാസ് ഖാനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതേസമയം, തന്റെ വീട്ടില്‍നിന്ന് ലഹരിഗുളികകള്‍ കണ്ടെടുത്തെന്ന വാദം നടന്‍ നിഷേധിച്ചു. ലഹരിഗുളികകള്‍ എവിടെനിന്ന് കിട്ടിയെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും നാല് ഉറക്കഗുളികകള്‍ മാത്രമാണ് അവര്‍ക്ക് വീട്ടില്‍നിന്ന് കിട്ടിയതെന്നും അജാസ് പറഞ്ഞു. 'ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് വിഷാദത്തിലായ ഭാര്യ മരുന്ന് കഴിച്ചിരുന്നു. ആ മരുന്നാണ് അവര്‍ക്ക് കിട്ടിയത്. എന്റെ വീട്ടില്‍നിന്നോ വിമാനത്താവളത്തില്‍വെച്ചോ ഒന്നും ലഭിച്ചിട്ടില്ല. ഞാന്‍ നിരപരാധിയാണ്'- അജാസ് ഖാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് മുംബൈയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് എന്‍സിബി അന്വേഷണം തുടങ്ങിയത്. വന്‍കിട ലഹരികടത്തുക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ ഇതിനുശേഷം എന്‍സിബി പിടികൂടിയിരുന്നു. 

Content Highlights: actor ajaz khan arrested in drugs case