കോഴിക്കോട്: ആക്ഷന്‍ ഹീറോ ബിജുവെന്ന സിനിമ കണ്ടവരൊന്നും സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പവിത്രനെന്ന കഥാപാത്രത്തെ മറന്നിട്ടുണ്ടാവില്ല. 'പറ്റിക്കാന്‍ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നൂം പറേല്ലേന്ന് പറേണം സാറേ..' എന്നുപറഞ്ഞ് സുരാജിന്‍റെ കഥാപാത്രം പോലീസ് സ്റ്റേഷനില്‍ നിന്ന് സങ്കടത്തോടെ തിരിച്ചുപോകുന്ന രംഗം നേരില്‍ അനുഭവിച്ചതിന്റെ ഞെട്ടലിലാണ് കോഴിക്കോട്ടെ ഒരു പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍. 

രണ്ട് മക്കളുള്ള യുവതി, ഇതില്‍ രണ്ട് വയസ്സുള്ള കുഞ്ഞുമായി കാമുകനൊപ്പം പോയതുമുതല്‍ തുടങ്ങിയതാണ് പോലീസിന്റെ ഓട്ടം. രണ്ട് ദിവസം മുന്നേയാണ് ഭാര്യയെ കാണാനില്ലെന്ന പാരതിയുമായി ഭര്‍ത്താവ് എത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയേയും കാമുകനേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തിയിരുന്നു. സ്‌റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് ഇളയ കുഞ്ഞ് കാമുകന്റേതാണെന്നും വിട്ടുതരാനാവില്ലെന്നും ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യ പോലീസിനോട് പറഞ്ഞത്. സുരാജിന്റെ കഥാപാത്രത്തിന്‍റേതിന് സമാനമായ അവസ്ഥയാണ് ആ സമയത്ത് തങ്ങള്‍ക്കും പരാതിക്കാരനില്‍ കാണാനായതെന്ന് സ്റ്റേഷന്‍ എസ്.ഐ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

തുടര്‍ന്ന് അഞ്ചുവയസ്സുള്ള രണ്ടാമത്തെ  കുട്ടിയുമായി ഭര്‍ത്താവ് തിരിച്ച് പോയെങ്കിലും പോലീസ് യുവതിക്കെതിരേ കേസെടുക്കുകയും റിമാന്‍ഡ് ചെയ്ത് മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചെറിയ കുഞ്ഞുള്ളത് കൊണ്ട് യുവതിയെ  ജയിലിലേക്ക്  അയക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അഞ്ചുവയസ്സുള്ള മറ്റൊരു കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയതുകൊണ്ട് കേസെടുക്കാതിരിക്കാനും പറ്റില്ല. ഒടുവില്‍ യുവതിയുടെ മാതാവ് എത്തി രണ്ട് വയസ്സുള്ള കുഞ്ഞിനെ തിരികെ വീട്ടില്‍ കൊണ്ടുപോയതോടെയാണ് പോലീസിന് ആശ്വാസമായത്.

ഇത്തരം വിഷയമുണ്ടായാല്‍ ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് നിയമമെങ്കിലും പിറ്റെ ദിവസം ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് ഇവരെ അന്നുരാത്രി തിരിച്ചയച്ചു. പിറ്റേദിവസം രാവിലെ എത്തിയെങ്കിലും വൈകുന്നേരം അഞ്ച്  മണിയോടെയാണ് കോടതി നടപടികള്‍ പോലീസിന് പൂര്‍ത്തിയാക്കാനായത്. ശേഷം യുവതിയെ  മഞ്ചേരി സബ് ജയിലിലേക്ക് അയക്കുകയും ചെയ്തു.