ഗ്യാന്‍പൂര്‍: പാത്രം കഴുകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതികള്‍ക്കുനേരെ ബന്ധുക്കളുടെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ഗ്യാന്‍പൂരിലാണ് സംഭവം.

ഗ്യാന്‍പൂര്‍ സ്വദേശിനി ഷീല ദേവി, ഷീലയുടെ മക്കളായ ജ്യോതി (20), ആര്‍ഥി (18) എന്നിവരാണ് ബന്ധുക്കളുടെ ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഷീലയുടെ ഭര്‍ത്താവ് രാജേന്ദ്ര പ്രസാദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുവായ വിമലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച റോഡരികിലെ പൊതുടാപ്പില്‍ നിന്ന് പാത്രം കഴുകുന്നതിനെ ചൊല്ലി ഷീലാദേവിയും ബന്ധുക്കളായ വിമലേഷും സന്ദീപും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഷീലാദേവിയും മക്കളും ഉറങ്ങുന്ന സമയത്ത് വീട്ടിലെത്തി ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും വാരണാസി ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രതികളിലൊരാളായ സന്ദീപ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.

Content Highlights: acid attack on three women after dispute over washing utensils