ലഖ്‌നൗ: മയക്കുമരുന്ന് വില്‍ക്കാന്‍ പറഞ്ഞത് വിസമ്മതിച്ചതിന് മൂന്ന് പേര്‍ ചേര്‍ന്ന് 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിടുത്ത് ഫൈജുല്ലാഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ കുട്ടി ഉച്ചയ്ക്ക് വായ തുണി വെച്ച് പൊത്തിപ്പിടിച്ചാണ് തിരികെ വന്നത്. ഉടന്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ആസിഡ് വെച്ച് പൊള്ളിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് വായിലേക്ക് ആസിഡ് ഒഴിച്ചതാണെന്ന് കുട്ടി ആംഗ്യ ഭാഷയിലാണ് പോലീസിനോട് പറഞ്ഞത്.

മയക്കുമരുന്ന് വിതരണം ചെയ്യാന്‍ മൂന്ന് പേര്‍ കുട്ടിയെ നിരന്തരമായി നിര്‍ബന്ധിച്ചുന്നതായും ഇത് വിസമ്മതിച്ചതിനാണ് കുട്ടിയെ ക്രൂരമായി അക്രമിച്ചതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായി സംസാരിക്കാന്‍ സാധിക്കില്ലെന്നും സ്വനതന്തുവിന് ക്ഷതമേറ്റിട്ടുണ്ടെന്നും ഡോക്ടര്‍ന്മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ മറ്റു രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Content Highlights: acid attack on 14 year old boy for refusing to work as drug peddler