പാലാ: കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്റെ ദേഹത്ത് അച്ഛന്‍ ആസിഡ് ഒഴിച്ചു. 75 ശതമാനത്തോളം പൊള്ളലേറ്റ മകന്‍ അതീവഗുരുതരാവസ്ഥയിലാണ്. 

അന്തീനാട് കാഞ്ഞിരത്താംകുന്നേല്‍ ഷിനു(35) വിനാണ് പൊള്ളലേറ്റത്. ഷിനുവിന്റെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ (61) പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഷിനുവും ഗോപാലകൃഷ്ണനും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അച്ഛനും മദ്യപാനശീലമുള്ള ഷിനുവും തമ്മില്‍ വാക്കേറ്റം പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പകലും വഴക്കുണ്ടായി. ഗോപാലകൃഷ്ണനെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു. 

രാത്രി മദ്യപിച്ചെത്തിയ ഷിനു ഉറങ്ങിയപ്പോഴാണ് ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇദ്ദേഹത്തെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തിലാണ്. സി.ഐ. കെ.പി.ടോംസണ്‍, എസ്.ഐ. ഷാജി സെബാസ്റ്റ്യന്‍, ബിജു കെ.തോമസ്, ഷെറിന്‍ മാത്യു, റെനീഷ്, സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഷിനുവിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.