അടിമാലി: ഇരുമ്പുപാലത്ത് യുവതിയുടെ ആസിഡാക്രമണത്തില്‍ യുവാവിന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. യുവതിയുടെ മുഖത്തും കഴുത്തിനും പൊള്ളലേറ്റിട്ടുണ്ട്. ആസിഡൊഴിച്ച അടിമാലി പലിശക്കല്ല് പനവേലില്‍ ഷീബയെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം പൂജപ്പുര അര്‍ച്ചനാഭവനില്‍ അരുണ്‍ കുമാര്‍ (27) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ഇരുമ്പുപാലം ക്രിസ്ത്യന്‍ പള്ളിയുടെ സമീപത്താണ് സംഭവം നടന്നത്. പ്രണയത്തില്‍നിന്ന് പിന്‍മാറിയതിന്റെ വിരോധത്തില്‍ തന്റെ മുഖത്തേക്ക് ആസിഡൊഴിക്കുകയായിരുന്നെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവമെന്ന് യുവതി പറയുന്നു.

പോലീസ് പറയുന്നതിങ്ങനെ: ഹോം നഴ്‌സായ ഷീബ മുന്‍പ് തിരുവന്തപുരത്ത് ജോലി ചെയ്തിരുന്നു. അവിടെവെച്ചാണ് അരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണെന്നാണ് യുവാവ് പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു.

അടുത്തിടെയാണ് യുവതി വിവാഹിതയാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അരുണ്‍കുമാര്‍ മനസ്സിലാക്കിയത്. ഇതോടെ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ യുവതി മുന്‍പ് ഇയാള്‍ക്ക് നല്‍കിയ പണം തിരികെ ആവശ്യപ്പെടുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് സംസാരിക്കാനാണ് അരുണ്‍കുമാര്‍ ഇരുമ്പുപാലത്ത് എത്തിയത്. എന്നാല്‍, ഇവിടെവെച്ച് രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഷീബ കൈവശം കരുതിയിരുന്ന ആസിഡ് അരുണ്‍കുമാറിന്റെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു.

അരുണ്‍കുമാര്‍ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൈതട്ടി ആസിഡ് വീണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. അങ്ങനെയാണ് അക്രമ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അടിമാലി പോലീസ് തിരുവനന്തപുരത്തെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച പെരുമാങ്കണ്ടത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഷീബയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അബദ്ധത്തില്‍ ആസിഡ് മുഖത്ത് വീണെന്നാണ് അടുത്ത ബന്ധുക്കളോട് യുവതി പറഞ്ഞിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. അടിമാലി എസ്.ഐ.അബ്ദുള്‍ ഖനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights: acid attack against youth in adimali woman arrested by police