ഇടുക്കി: മുരിക്കാശ്ശേരി വാത്തിക്കുടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരേ ഭർത്താവിന്റെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ ദേഹത്താണ് ഭർത്താവ് അനിൽ ആസിഡ് ഒഴിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലത്തെ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ് ഉച്ചയോടെയാണ് ശ്രീജ വീട്ടിലെത്തിയത്. ഇതിനുപിന്നാലെയാണ് ഭർത്താവ് അനിൽ ആസിഡ് ആക്രമണം നടത്തിയത്.

ശ്രീജയുടെ മുഖത്തും കഴുത്തിലുമാണ് ആസിഡ് വീണത്. സംഭവത്തിന് ശേഷം ശ്രീജ തന്നെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആദ്യം മുരിക്കാശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Content Highlights:acid attack against panchayath vice president in idukki her husband in police custody