തൃശ്ശൂര്‍: മാളയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ 'അച്ഛന്‍ സ്വാമി' എന്ന മഠത്തിലാന്‍ രാജീവിനെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്. നിലവില്‍ 17-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മാള എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

അദ്ഭുതസിദ്ധിയുണ്ടെന്ന് അവകാശപ്പെട്ട് ആഭിചാരക്രിയകള്‍ നടത്തിയിരുന്ന രാജീവിനെ(39) കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മാവന്റെ ജീവന്‍ രക്ഷിക്കാനായി പൂജയ്‌ക്കെത്തിയ 17 വയസ്സുകാരിയെ ഇയാള്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാള പോലീസ് മഠത്തിലെത്തി രാജീവിനെ പിടികൂടുകയായിരുന്നു. 

നേരത്തെ കല്‍പ്പണിക്കാരനായിരുന്ന പ്രതി കഴിഞ്ഞ ആറു വര്‍ഷമായി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിവരികയാണെന്നാണ് പോലീസ് പറയുന്നത്. ഇതിലൂടെ പ്രതി വന്‍ സാമ്പത്തിക വളര്‍ച്ചയാണുണ്ടാക്കിയത്. വീട്ടില്‍ത്തന്നെ ക്ഷേത്രം നിര്‍മിച്ചായിരുന്നു മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നത്. അച്ഛന്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ജീവന്‍ അപകടത്തിലാണെന്ന് കരുതുന്നവരെ അതില്‍നിന്ന് രക്ഷിക്കാനും സാമ്പത്തികനേട്ടത്തിനും ഉള്‍പ്പെടെ ഇയാള്‍ പൂജകള്‍ നടത്തിയിരുന്നു. 

സ്ത്രീകളെ നഗ്നരാക്കി രഹസ്യഭാഗങ്ങളില്‍ നാണയം വെച്ചായിരുന്നു പൂജ. പരാതി നല്‍കിയ 17 വയസ്സുകാരിയെയും ഇത്തരത്തിലുള്ള പൂജയ്ക്കായാണ് ഇവിടെ എത്തിച്ചത്. തുടര്‍ന്ന് മൂന്നു തവണ പ്രതി ശരീരത്തില്‍ നാണയംവെച്ച് പൂജ നടത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് വിവരം. 

നിരവധി പേരാണ് രാജീവന്റെ മഠത്തില്‍ പൂജയ്ക്കും മന്ത്രവാദത്തിനും എത്തിയിരുന്നതെന്നും പോലീസ് പറയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും അന്യജില്ലക്കാരും മറ്റു പ്രദേശങ്ങളിലുള്ളവരുമായിരുന്നു. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതി ആളുകളെ ഇവിടേക്ക് എത്തിച്ചിരുന്നത്. മന്ത്രവാദത്തിനും പൂജയ്ക്കും എത്തിയിരുന്നവര്‍ ദിവസങ്ങളോളം ഇവിടെ താമസിച്ചിരുന്നതായും വിവരമുണ്ട്. മാളയിലുള്ളവര്‍ക്ക് ഇയാളെക്കുറിച്ചോ മന്ത്രാവാദത്തെക്കുറിച്ചോ കൂടുതല്‍ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയതോടെയാണ് രാജീവിന്റെ മഠത്തില്‍ നടന്നിരുന്നത് ഇത്തരം കാര്യങ്ങളാണെന്ന് നാട്ടുകാര്‍ പോലുമറിഞ്ഞത്. 

Content Highlights:achan swami arrested in pocso case in mala thrissur