ഗാന്ധിനഗര്‍: അന്‍പതിലധികം കേസുകളില്‍ പ്രതിയായ ആര്‍പ്പൂക്കര, വെട്ടൂര്‍കവല ചിറക്കല്‍വീട്ടില്‍ കെന്‍സ് സാബു (27) നെയും കൂട്ടാളികളായ രണ്ട് പേരെയും ഗാന്ധിനഗര്‍ പോലീസ് പിടികൂടി. രണ്ട് മണിക്കൂര്‍നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗാന്ധിനഗര്‍ സി.ഐ. കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കീഴ്‌പെടുത്തിയത്. കെന്‍സിനൊപ്പമുണ്ടായിരുന്ന കാണക്കാരി, കുറുമുള്ളൂര്‍, തച്ചറുകുഴി ബിനു (36), കോതനല്ലൂര്‍ ചാമക്കാല, ചെമ്പകപ്പാറ നിഖില്‍ ദാസ് (36) എന്നിവരാണ് അറസ്റ്റിലായത്.

മോഷണം, കഞ്ചാവ് കടത്ത്, ഗുണ്ട ആക്രമണം, തുടങ്ങി അന്‍പതിലധികം കേസുകളില്‍ പ്രതിയായ കെന്‍സിനെ ദിവസങ്ങളായി ഗാന്ധിനഗര്‍ പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച ഏറ്റുമാനൂരിലെ ബിനുവിന്റെ വീട്ടില്‍ ഇവര്‍ ഒത്തുചേര്‍ന്നതായി മനസ്സിലായി. സി.ഐ.യുടെയും എസ്.ഐ.യുടെയും സ്വകാര്യകാറുകളില്‍ എത്തിയ പോലീസ് സംഘം വീടുവളഞ്ഞു. പോലീസിനെ കണ്ട് കെന്‍സും ബിനുവും നിഖില്‍ ദാസും ഓടി.

പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് പിറകെ പാഞ്ഞു. ചെളിനിറഞ്ഞ പാടത്തുകൂടി ഓടി റോഡിലെത്തിയ കെന്‍സ് കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ പോലീസുകാര്‍ സമീപത്തുള്ള വീടിന്റെ മതില്‍ ചാടിക്കടന്ന് കാര്‍ എടുത്ത് പിന്നാലെ പാഞ്ഞു. എസ്.ഐ. പ്രശോഭ്, കെന്‍സിന്റെ സംഘത്തിന്റെ പിന്നാലെയെത്തി പത്തുമിനിറ്റ് നീണ്ട മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഗാന്ധിനഗര്‍ സി.ഐ. കെ.ഷിജി, എസ്.ഐ. കെ.കെ.പ്രശോഭ്, എ.എസ്.ഐ.മാരായ മനോജ്, സുരേഷ് ബാബു, എസ്.സി.പി.ഒ.മാരായ ഷൈജു, അജിത്കുമാര്‍, സി.പി.ഒ.മാരായ അനീഷ്, ആര്‍.രാജേഷ്, ടി.പ്രവീണ്‍, പ്രവീണോ, പ്രവീണ്‍ കുമാര്‍, എസ്.അനു, പി.ആര്‍.സുനില്‍, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.