പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ക്വട്ടേഷന്‍ ബന്ധം. ഡിസംബര്‍ ഒന്നിന് പ്രതികള്‍ ഹരിപ്പാട് നിന്ന് അരുണ്‍ എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലും പ്രതികളാണ്. അരുണിനെ പിന്നീട് മര്‍ദ്ദനമേറ്റ നിലയില്‍ ലോഡ്ജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സന്ദീപ് വധക്കേസിലെ പ്രതികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നീ പ്രതികള്‍ക്കാണ് ക്വട്ടേഷന്‍ സംഘവുമായി ബന്ധം.

ഹരിപ്പാട് പോലീസ് ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കരുവാറ്റ സ്വദേശിയായ അരുണിനെ തട്ടിക്കൊണ്ട് പോയി മൂന്നംഗ സംഘം താമസിച്ച ലോഡ്ജില്‍ പൂട്ടിയിടുകയായിരുന്നു. ഇതിന് ശേഷം അരുണിന്റെ വാഹനവും സന്ദീപിനെ കൊലപ്പെടുത്താനുള്ള യാത്രയ്ക്കായി ഇവര്‍ ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കൊലപാതകത്തിന് ശേഷം ആദ്യ മൂന്ന് പ്രതികളും പോയത് കരുവാറ്റയിലെ രതീഷ് എന്നയാളുടെ വീട്ടിലേക്കാണ്.

രതീഷാണ് അരുണിനെതിരെ ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. രതീഷും അരുണും തമ്മിലുള്ള ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ 11ന് അരുണും സുഹൃത്തുക്കളും ചേര്‍ന്ന് രതീഷിന്റെ ബൈക്ക് കത്തിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ഒന്നുകില്‍ പകരം ബൈക്ക് അല്ലെങ്കില്‍ അതിന്റെ വില എന്ന സാധ്യത മുന്നോട്ട് വെച്ചെങ്കിലും ഇത് നടന്നില്ല. ഇതേത്തുടര്‍ന്നാണ് ബൈക്ക് കത്തിച്ച അരുണിനെതിരെ രതീഷ് ജിഷ്ണുവിനും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയത്.

സന്ദീപ് വധക്കേസില്‍ പ്രതികളിലൊരാളായ മന്‍സൂറിനെ (മുഹമ്മദ് ഫൈസല്‍ എന്ന പേരാണ് ആദ്യം പുറത്ത് വന്നത്, ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.) അന്വേഷിച്ച് തിരുവല്ലയില്‍ ജിഷ്ണുവും സംഘവും താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോഴാണ് ഇവിടെ അരുണിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്‍സൂര്‍ തിരുവല്ലയിലെ ലോഡ്ജില്‍ ഉണ്ടെന്ന് പോലീസ് മനസ്സിലാക്കിയത്.

മര്‍ദ്ദനമേറ്റ അരുണ്‍ ഇപ്പോള്‍ ആലപ്പുഴയില്‍ ചിക്തിസയിലാണ്. ഈ കേസില്‍ ക്വട്ടേഷന്‍ നല്‍കിയ കരുവാറ്റ സ്വദേശി രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവല്ല പോലീസ് മന്‍സൂറിനെ അന്വേഷിച്ച് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ എത്തിയപ്പോള്‍ അവശ നിലയിലായിരുന്നു അരുണിനെ കണ്ടെത്തിയത്. പിന്നീട് സിപിഎം നേതാവ് സന്ദീപിനെ കൊലപ്പെടുത്താനായി സംഘം ഉപയോഗിച്ച വാഹനങ്ങളിലൊന്ന് അരുണിന്റേതായിരുന്നു. ഇതും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍.

Content Highlights: accused of sandeep murder case had connections with Quotation Gang