താമരശ്ശേരി : ആള്‍ത്താമസമില്ലാത്ത വീടുകളില്‍ കവര്‍ച്ച നടത്തുന്ന യുവാവ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയില്‍. തമിഴ്നാട് ഗൂഡല്ലൂര്‍ ദേവര്‍ഷോല മാങ്ങാടന്‍ വീട്ടില്‍ സാദിഖലി എന്ന എരുമ സിദ്ദിഖി(33)നെയാണ് കോട്ടക്കലിലെ ഭാര്യവീട്ടില്‍നിന്ന് താമരശ്ശേരി ക്രൈംസ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. കൂടത്തായിയില്‍ വീട് കുത്തിത്തുറന്ന് ഇരുപത് പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

താമരശ്ശേരി, കോടഞ്ചേരി സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളിലായി പതിനാലോളം വീടുകളില്‍ പ്രതി കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനും മോഷണമുതലുകള്‍ കണ്ടെടുക്കുന്നതിനുമായി സാദിഖലിയെ പിന്നീട് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ ക്രൈംസ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, സി.പി.ഒ. റഫീഖ് എരവട്ടൂര്‍, കോടഞ്ചേരി എസ്.ഐ. അഭിലാഷ്, സജു, ഫിംഗര്‍പ്രിന്റ് സെല്‍ അംഗങ്ങളായ കെ. രഞ്ജിത്ത്, ജിജീഷ് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പകല്‍ വാട്ടര്‍ സര്‍വീസ്, രാത്രി മോഷണം

കോടഞ്ചേരിയിലെ ഒരു വാട്ടര്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷക്കാലയളവിനിടെയാണ് താമരശ്ശേരി, കോടഞ്ചേരി മേഖലയിലെ വീടുകളില്‍ കവര്‍ച്ച നടത്തിയത്. രാത്രി ഒറ്റയ്ക്ക് ബൈക്കില്‍ കറങ്ങി പൂട്ടിയിട്ടതും ലൈറ്റ് ഇല്ലാത്തതുമായ വീടുകള്‍ കണ്ടുവെക്കും. വാതിലിന്റെ പൂട്ട് തകര്‍ക്കാനുള്ള കമ്പിപ്പാര റോഡരികിലെ പോസ്റ്റുകള്‍ക്കരികില്‍ സൂക്ഷിക്കും. ആള്‍ത്താമസമില്ലെന്ന് ഉറപ്പുവരുത്തിയശേഷം പിന്നീട് വീട്ടിലെത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കയറി കവര്‍ച്ച നടത്തുന്നതാണ് രീതി.

ക്രിസ്മസ് ദിവസം ബിജു എന്നയാളുടെ കൂടത്തായി കുളമാക്കില്‍വീട്ടില്‍ നടത്തിയ കവര്‍ച്ചയാണ് സാദിഖലി വലയിലാവാന്‍ വഴിയൊരുക്കിയത്. വീടുപൂട്ടി വയനാട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ സ്റ്റെയര്‍കേസ് റൂമിന്റെ വാതില്‍ കമ്പിപ്പാരകൊണ്ടുപൊളിച്ച് അകത്തുകടന്ന് ഷോകേയ്സില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണാഭരണങ്ങളാണ് അന്ന് കവര്‍ന്നത്. തൃക്കരിമണ്ണ ക്ഷേത്രത്തില്‍ ഉത്സവദിവസമായതിനാല്‍ സമീപവീടുകളില്‍ ആളുണ്ടാവില്ലെന്ന് മനസ്സിലാക്കിയ പ്രതി അമ്പലപരിസരത്ത് കറങ്ങിനടന്നാണ് കവര്‍ച്ചയ്ക്കുള്ള വീട് തിരഞ്ഞെടുത്തത്.

അന്ന് വൈകീട്ടോടെ ഗൂഡല്ലൂരില്‍ നിന്നും ബൈക്കില്‍ താമരശ്ശേരിയിലെത്തിയ പ്രതി കവര്‍ച്ചയ്ക്കുശേഷം കോട്ടക്കലുള്ള രണ്ടാംഭാര്യയുടെ വീട്ടിലേക്ക് സ്വര്‍ണവുമായി പോയി. മഞ്ചേരിയിലെയും കോട്ടക്കലിലെയും രണ്ട് ജൂവലറികളില്‍ അഞ്ചു പവനോളം സ്വര്‍ണം വിറ്റശേഷം മൊബൈല്‍ഫോണും സ്‌കൂട്ടറും ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങി. ബാക്കി സ്വര്‍ണം പ്രതിയുടെ ഭാര്യവീട്ടില്‍നിന്ന് കണ്ടെടുത്തു. ഈ വര്‍ഷം മാര്‍ച്ചില്‍ താമരശ്ശേരി-മുക്കം റോഡില്‍ എളോത്തുകണ്ടി വീട്ടില്‍നിന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും ടാബ്ലറ്റും, താമരശ്ശേരി അമ്പലമുക്ക് പുല്‍പറമ്പില്‍ വീട്ടില്‍നിന്ന് സ്വര്‍ണവും 12,500 രൂപയും, താമരശ്ശേരി ചുങ്കത്തുള്ള ഒരു വീട്ടില്‍നിന്ന് 47,000 രൂപയും, മറ്റൊരു വീട്ടില്‍നിന്ന് സ്വര്‍ണം, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയും കോടഞ്ചേരിയിലെ രണ്ടു വീടുകളില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച നടത്തിയതായി ചോദ്യംചെയ്യലില്‍ തെളിഞ്ഞു.

ആള്‍ത്താമസമില്ലാത്ത വീടുകളില്‍ കവര്‍ച്ച പതിവാകുന്നതുകണ്ട് പഴയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് ക്രൈംസ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സാദിഖലി കുടുങ്ങിയത്. പെരിന്തല്‍മണ്ണ, എടക്കര എന്നിവിടങ്ങളില്‍ കളവുകേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ പതിനഞ്ചുവര്‍ഷംമുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. കോടഞ്ചേരിയില്‍ മൂന്നുമാസം മുമ്പുവരെ ജോലി ചെയ്തിരുന്ന സാദിഖലി ഇപ്പോഴും ഇടയ്ക്കിടെ വരാറുണ്ടെന്നുകൂടി അറിഞ്ഞതോടെ മോഷണം നടന്ന വീടുകളുടെ പരിധിയിലെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.