ആലപ്പുഴ: വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പതിമൂന്നര പവന്‍ കവര്‍ന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടു. അരശര്‍ക്കടവ് വീട്ടില്‍ ത്രേസ്യാമ്മ (62)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കനാശ്ശേരി വീട്ടില്‍ അഗസ്റ്റിന്‍ (60), ഇയാളുടെ മകന്‍ സെബാസ്റ്റ്യന്‍ (40) എന്നിവരെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

2011 ജൂണ്‍ 14-ന് ഉച്ചയ്ക്കായിരുന്നു സംഭവം. തനിച്ചു താമസിച്ചിരുന്ന ത്രേസ്യാമ്മയെ കഴുത്തിനു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പതിമൂന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദൃക്സാക്ഷകളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാരാരിക്കുളം പോലീസ് പ്രതികളെ പിടികൂടിയത്. 

സംഭവത്തിനുശേഷം ഒന്നാം പ്രതി ഒളിവില്‍ പോയി. വേളാങ്കണ്ണിയില്‍നിന്നു പിടികൂടിയ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതും സംഭവം നടന്ന സ്ഥലത്തെ അലമാരയില്‍നിന്ന് ഒന്നാം പ്രതിയുടെ വിരലടയാളം ലഭിച്ചതും പ്രധാന തെളിവുകളായി പ്രോസിക്യൂഷന്‍ ഉയര്‍ത്തി കാട്ടിയിരുന്നു.

ഒന്നാം പ്രതി അഗസ്റ്റിനെതിരേ കൊലപാതകം, മോഷണം, ഭവനദേദനം തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും രണ്ടാം പ്രതി സെബാസ്റ്റ്യനെതിരേ തെളിവു നശിപ്പിക്കലും കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളുമാണ് ആരോപിച്ചത്.

എന്നാല്‍, കൊലപാതകത്തിനുള്ള പ്രേരണ തെളിവില്ലെന്നും സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ പ്രിയദര്‍ശന്‍ തമ്പി വാദിച്ചു. സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കണ്ടെത്തിയാണു പ്രതികളെ കോടതി വെറുതെ വിട്ടത്.


Content Highlights: accused in murder case set free