കൊല്ലം : ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ പോലീസിനെ വെട്ടിച്ചുകടന്ന റിമാന്‍ഡ് പ്രതിയെ പിങ്ക് പോലീസ് പിടികൂടി. പത്തനാപുരം എം.എല്‍.എ. ഓഫീസ് അടിച്ചുതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പിടവൂര്‍ കമുകുംചേരിയില്‍ രതീഷ് കുമാര്‍ (43) ആണ് പ്രിസണ്‍ ഓഫീസറെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ ജയിലില്‍നിന്ന് ചികിത്സയ്ക്കായി ഏഴുപ്രതികളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ജയില്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ജയില്‍ ആംബുലന്‍സിലാണ് പ്രതികളെ എത്തിച്ചത്.

ഇടതുകൈയുടെ പൊട്ടലിന് ചികിത്സയ്ക്കാണ് രതീഷ് കുമാറിനെ കൊണ്ടുവന്നത്. ഇയാളെ ഡോക്ടര്‍ പരിശോധിച്ചശേഷം മറ്റു തടവുകരെ വിവിധ ഒ.പി.കളില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. ഈ സമയം പ്രിസണ്‍ ഓഫീസറുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഉടന്‍തന്നെ സിറ്റി പരിധിയിലെ മുഴുവന്‍ പോലീസ് സേനയ്ക്കും പ്രതിയുടെ വിവരങ്ങള്‍ കൈമാറി തിരച്ചില്‍ ഏകോപിപ്പിച്ചു. ചിന്നക്കട ആശ്രാമം റോഡില്‍ പരിശോധന നടത്തുകയായിരുന്ന പിങ്ക് പോലീസിന്റെ മുന്നിലേക്കാണ് പ്രതി ഓടിയെത്തിയത്. തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ തട്ടിമാറ്റി ഇയാള്‍ ഓടി. പ്രതിയുടെ പിന്നാലെ പാഞ്ഞ പിങ്ക് പോലീസ് സംഘത്തിനൊപ്പം ചിന്നക്കടയിലുണ്ടായിരുന്ന ദ്രുതകര്‍മസേനാംഗങ്ങളും ചേര്‍ന്ന് പ്രതിയെ സാഹസികമായി പിടികൂടി. പിങ്ക് പോലീസ് സംഘത്തിലെ എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ. വിദ്യ, ദ്രുതകര്‍മസേനയിലെ സി.പി.ഒ. മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ക്കെതിരേ തടവുചാടിയതിന് കൊല്ലം ഈസ്റ്റ് പോലീസ് കേസ് എടുത്ത് റിമാന്‍ഡ് ചെയ്തു