കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ കവര്‍ച്ചക്കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി.

കാസര്‍കോട് ബാങ്ക് മോഷണക്കേസിലെ പ്രതി യു.പി. സ്വദേശി അജയബാബു(21)വാണ് വ്യാഴാഴ്ച രാത്രി ജയില്‍ ചാടിയത്. വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂര്‍ കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

മാര്‍ച്ച് 25-നാണ് കാസര്‍കോട് ബാങ്ക് മോഷണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇയാള്‍ കണ്ണൂര്‍ ജയിലിലെത്തിയത്. കൊറോണബാധിതമേഖലയായ കാസര്‍കോട്ടുനിന്നെത്തിയതിനാല്‍ ഇയാള്‍ ആദ്യദിനം മുതല്‍ ജയിലിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ദൂരെമാറിയുള്ള പഴയ ക്വാറന്റയിന്‍ വാര്‍ഡിന്റെ പൂട്ടിയ ഇരുമ്പുചങ്ങല പൊട്ടിച്ച് അതിനുള്ളില്‍നിന്ന് പൈപ്പും കയറും മറ്റും സംഘടിപ്പിച്ച് ജയിലിന്റെ തെക്കുപടിഞ്ഞാറ്് ഭാഗത്തൂടെ ഹൈവേയിലേക്ക് ചാടിരക്ഷപ്പെടുകയായിരുന്നു. വാഹനങ്ങളൊന്നും ഓടാത്ത സാഹചര്യത്തില്‍ പരിസരം വിട്ടുപോകാന്‍ സാധിക്കാതെ തീവണ്ടി ലഭിക്കുമോ എന്നറിയാന്‍ സ്റ്റേഷനില്‍ എത്തിയതായിരുന്നു.

Content Highlights: accused escaped from isolation ward in kannur central prison, caught by police