മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ചാടിപ്പോയി. കോഴിക്കോട് കല്ലായി സ്വദേശി നൗഷാദ് എന്ന റംഷാദ് (19) എടവണ്ണപ്പാറ സ്വദേശി മെഹബൂബ്(22) എന്നിവരാണ് ഞായറാഴ്ച അര്‍ധരാത്രി ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്. 

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ശുചിമുറിയിലെ വെന്റിലേറ്റര്‍ വഴിയാണ് പുറത്തുകടന്നത്. പിന്നീട് ആശുപത്രി വളപ്പിലുണ്ടായിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ടു.

കിഴിശ്ശേരി ഭാഗത്തേക്കാണ് പ്രതികള്‍ ബൈക്കില്‍ കടന്നതെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാമന്‍കുളം ഭാഗത്ത് നിന്ന് പ്രതികള്‍ രക്ഷപ്പെട്ട ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇരുവരെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കല്ലായി സ്വദേശിയായ നൗഷാദ് മോഷണക്കേസുകളിലെ പ്രതിയാണ്. മെഹബൂബ് വാഴക്കാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയും. ബൈക്ക് മോഷണത്തില്‍ വിദഗ്ധനായ നൗഷാദാണ് ആശുപത്രി ജീവനക്കാരന്റെ ബുള്ളറ്റ് മോഷ്ടിച്ചതെന്നാണ് നിഗമനം. സംഭവസമയം പ്രതികളെ താമസിപ്പിച്ചിരുന്ന നിരീക്ഷണ വാര്‍ഡില്‍ പോലീസ് കാവലുമുണ്ടായിരുന്നു.  

Content Highlights: accused escaped from covid cfltc center manjeri medical college